
ആഗോളതലത്തിലെ പ്രമുഖ സഹകരണ സ്ഥാപനമായ ഇഫ്കോ 2024-25 സാമ്പത്തിക വർഷത്തിൽ 3,811 കോടി രൂപയുടെ ലാഭം നേടി. ഇതോടൊപ്പം നാനോ വളങ്ങളുടെ വിൽപ്പനയിൽ കമ്പനി 47 ശതമാനം വർധന നേടിയതായി കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ സമയം 248.95 ലക്ഷം കുപ്പി നാനോ വളങ്ങൾ വിറ്റഴിച്ച സ്ഥാനത്ത് ഈ സാമ്പത്തിക വർഷം വിൽപന 365.09 ലക്ഷം കുപ്പികളായി വർധിച്ചതായി ഇഫ്കോ അറിയിച്ചു. 2024-25 സാമ്പത്തിക വർഷത്തിൽ ഇഫ്കോ 41,244 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി.
വിറ്റഴിച്ച 365 ലക്ഷം കുപ്പികളിൽ 268 ലക്ഷം കുപ്പികൾ ഇഫ്കോ നാനോ യൂറിയ പ്ലസ് (ലിക്വിഡ്), 97 ലക്ഷം കുപ്പി ഇഫ്കോ നാനോ ഡിഎപി (ലിക്വിഡ്) എന്നിവയാണ്.
കഴിഞ്ഞ സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇഫ്കോ നാനോ യൂറിയ പ്ലസിന്റെ (ലിക്വിഡ്) വിൽപന 31 ശതമാനവും ഇഫ്കോ നാനോ ഡിഎപിയുടെ (ലിക്വിഡ്) വിൽപന 118 ശതമാനവും വർധിച്ചു.
ഈ വിൽപന അളവ് 12 ലക്ഷം മെട്രിക് ടൺ പരമ്പരാഗത യൂറിയയ്ക്കും 4.85 മെട്രിക് ടൺ പരമ്പരാഗത ഡിഎപിക്കും തുല്യമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
“സഹകരണത്തിലൂടെ സമൃദ്ധി” എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ ഇഫ്കോയുടെ മികച്ച വളർച്ചാ കണക്കുകൾ രാജ്യത്തെ മുഴുവൻ സഹകരണ മേഖലയ്ക്കും അഭിമാനകരമാണെന്ന് ഇഫ്കോ ചെയർമാൻ ദിലീപ് സംഘാനി പറഞ്ഞു.
തുടർച്ചയായ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ സൊസൈറ്റി 3,000 കോടി രൂപയിലധികം ലാഭം നേടിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ 23 വർഷമായി ഇഫ്കോ അംഗങ്ങൾക്ക് ഓഹരി മൂലധനത്തിന് 20 ശതമാനം ലാഭവിഹിതം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാനോ സിങ്ക്, 100 മില്ലി കുപ്പിയിൽ ദ്രാവക രൂപത്തിലുള്ള നാനോ കോപ്പർ, അടിസ്ഥാന അളവിൽ മണ്ണിൽ പ്രയോഗിക്കുന്നതിന് ഗ്രാനുലാർ രൂപത്തിലുള്ള നാനോ എൻപികെ വളം എന്നിവ ഉടൻ പുറത്തിറക്കുമെന്ന് ഇഫ്കോ അറിയിച്ചു.






