
- ₹63,000 കോടിയുടെ ഇടപാടിനായി അപേക്ഷകള്‍ ഈ മാസം ക്ഷണിച്ചേക്കും
ന്യൂഡൽഹി: ഐ.ഡി.ബി.ഐ ബാങ്കിനെ സ്വകാര്യവത്കരിക്കുന്നതിനുള്ള നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഏകദേശം 63,000 കോടി രൂപ (7.1 ബില്യണ്‍ ഡോളര്‍) മൂല്യം വരുന്ന 60.72 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നതിനായി ഉടന്‍ തന്നെ അപേക്ഷകള്‍ ക്ഷണിച്ചേക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ള 30.48 ശതമാനം ഓഹരികളും, പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (എല്‍ഐസി) കൈവശമുള്ള 30.24 ശതമാനം ഓഹരികളുമാണ് വിറ്റൊഴിയാന്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ കേന്ദ്ര സര്‍ക്കാരും എല്‍.ഐ.സിയും ചേര്‍ന്ന് ബാങ്കില്‍ ഏകദേശം 95 ശതമാനം ഓഹരികളാണ് കൈവശം വച്ചിട്ടുള്ളത്.
.ഉയര്‍ന്ന കിട്ടാക്കടം മൂലം കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിരുന്ന ബാങ്കിനെ കരകയറ്റുന്ന നടപടികളുടെ ഭാഗമായിട്ടായിരുന്നു കേന്ദ്രവും എല്‍.ഐ.സിയും ബാങ്കിന്റെ ഓഹരി പങ്കാളിത്തവും നിയന്ത്രണവും ഏറ്റെടുത്തത്. ഇതിനകം കിട്ടാക്കടംകുറച്ച് ബാങ്കിനെ ലാഭത്തിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ അനുകൂല സാഹചര്യം മുതലെടുത്താണ് സ്വകാര്യവത്കരണ നടപടികള്‍ വേഗത്തിലാക്കുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തോടെ ഓഹരി വിറ്റഴിക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കി വലിയൊരു തുക ഖജനാവിലേക്ക് എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായുള്ള നിര്‍ണ്ണായക നടപടിയാണ് ബിഡുകള്‍ ക്ഷണിക്കുന്നതിലൂടെ ആരംഭിക്കുന്നത്.
ഐഡിബിഐ ബാങ്കില്‍ ഓഹരി സ്വന്തമാക്കാന്‍ നിരവധി ആഭ്യന്തര, വിദേശ സ്ഥാപനങ്ങള്‍ താല്‍പര്യം (Expression of Interest – EoI) പ്രകടിപ്പിച്ചിട്ടുണ്ട്. കോട്ടക് മഹീന്ദ്ര ബാങ്ക്, എമിറേറ്റ്സ് എന്‍ബിഡി പിജെഎസ്സി, ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് ലിമിറ്റഡ് തുടങ്ങിയ വന്‍കിട കമ്പനികളാണ് ഇതില്‍ പ്രധാനികള്‍. ഈ സ്ഥാപനങ്ങള്‍ക്ക് ബാങ്കിന്റെ ഓഹരിയെടുക്കുന്നതിന് റിസര്‍വ് ബാങ്കിന്റെ ‘ഫിറ്റ് ആന്‍ഡ് പ്രോപ്പര്‍’ മാനദണ്ഡങ്ങള്‍ അനുസരിച്ച് അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്.
ഏഷ്യയിലെ ഏറ്റവും ധനികനായ ബാങ്കര്‍ ഉദയ് കോട്ടക്കിന്റെ പിന്തുണയുള്ള കോട്ടക് മഹീന്ദ്ര ബാങ്ക് ആണ് ഐഡിബിഐ ബാങ്കിന് ബിഡ് നല്‍കാന്‍ സാധ്യതയുള്ളവരില്‍ മുന്നില്‍ നില്‍ക്കുന്നത്. അതേസമയം, ഉയര്‍ന്ന വിലയ്ക്ക് ബാങ്കിനെ സ്വന്തമാക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് ചര്‍ച്ചകളില്‍ കോട്ടക് സൂചന നല്‍കിയിട്ടുണ്ട്.
ഒരു ലയനം (M&A) കോട്ടക്കിന്റെ നിലവിലെ വ്യാപ്തിക്ക് ഒരു ‘കുതിച്ചുചാട്ടം’ നല്‍കുമെന്ന് ജെഫ്‌റീസ് കഴിഞ്ഞ മാസം അവസാനം പുറത്തുവിട്ട കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍, പണമായിട്ടാണ് ഡീലിന് പണം ആവശ്യപ്പെടുന്നതെങ്കില്‍, അത് കോട്ടക്കിന്റെ മൂലധനത്തെയും ലയിപ്പിച്ച ബാങ്കിന്റെ ലാഭത്തെയും ബാധിച്ചേക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ ആര്‍ബിഎല്‍ ബാങ്ക് ലിമിറ്റഡില്‍ ഭൂരിപക്ഷം ഓഹരി വാങ്ങാന്‍ ധാരണയായ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വായ്പാ ദാതാക്കളില്‍ ഒന്നായ എമിറേറ്റ്‌സ് എന്‍ബിഡിയാണ് മുന്നോട്ടു വന്നിട്ടുള്ള മറ്റൊരു സ്ഥാപനം.
കേരളം ആസ്ഥാനമായുള്ള സിഎസ്ബി ബാങ്ക് ലിമിറ്റഡ് പോലുള്ള സ്ഥാപനങ്ങളില്‍ സജീവമായി നിക്ഷേപം നടത്തുന്ന കനേഡിയന്‍ ശതകോടീശ്വരന്‍ പ്രേം വാട്‌സയുടെ ഉടമസ്ഥതയിലുള്ളതാണ് ഫെയര്‍ഫാക്‌സ്. ഫെയര്‍ ഫാക്‌സ് ലേലത്തില്‍ വിജയിച്ചാല്‍ സി.എസ്.ബി ബാങ്ക് ലയനത്തിലേക്ക് പോകേണ്ടി വരും.
റിസര്‍വ് ബാങ്കിന്റെ ചട്ടപ്രകാരം ഒരാള്‍ക്ക് ഔന്നിലധികം ബാങ്കുകളുടെ പ്രമോട്ടര്‍ ആയിരിക്കാന്‍ സാധിക്കില്ല. ഒന്നുകില്‍ ഭൂരിപക്ഷ ഓഹരി പങ്കാളിത്തം വിറ്റൊഴിയുകയോ അല്ലെങ്കിലും ഇരു ബാങ്കുകളെയും തമ്മില്‍ ലയിപ്പിക്കുകയോ വേണ്ടി വരും. സി.എസ്.ബി ബാങ്കില്‍ പ്രമോട്ടര്‍ പദവി വഹിക്കുന്ന ഫെയര്‍ഫാക്‌സിന് 40 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഇത് 15 വര്‍ഷത്തിനകം 26 ശതമാനത്തിലേക്ക്താഴ്‌ത്തേണ്ടി വരും. ഇല്ലെങ്കില്‍ ബാങ്കുകള്‍ തമ്മില്‍ ലയിപ്പിക്കേണ്ടി വരും.
അങ്ങനെ വരുമ്പോള്‍ കേരളത്തെ സംബന്ധിച്ച് മറ്റൊരു ബാങ്ക് കൂടി ഇല്ലാതാകും.
ഐഡിബിഐ ബാങ്കിന്റെ ഓഹരി വില ഈ വര്‍ഷം ഇതുവരെ ഏകദേശം 30 ശതമാനം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ് ബാങ്കിന്റെ വിപണി മൂല്യം.






