
കൊച്ചി: ഇടയ്ക്ക് മഴയെത്തുന്നുണ്ടെങ്കിലും കനത്ത ചൂടിനെ മറികടക്കാൻ കഴിയാത്തത് എസി വിപണിക്ക് നേട്ടമാകുന്നു. കേരളത്തിലെമ്പാടും എസിക്ക് വൻ വിൽപന വർധനയുണ്ടെന്ന് വിതരണക്കാർ വ്യക്തമാക്കി. മികച്ച ഓഫറുകളും എത്തിയത് ഉപഭോക്താക്കളെ ആകർഷിക്കുകയാണ്.
ട്രെൻഡ് ഇങ്ങനെ
∙എസി, ഫാൻ, കൂളർ, റഫ്രിജറേറ്റർ തുടങ്ങിയ ഉൽപന്നങ്ങള്‍ക്കാണ് വേനൽക്കാല വിപണിയിൽ കൂടുതൽ ഡിമാൻഡ്.
∙മുൻകാലങ്ങളിൽ എസി ആഡംബരത്തിന്‍റെ ചിഹ്നമായിരുന്നെങ്കിൽ ഇപ്പോൾ ട്രെൻഡ് മാറി. ചെറുവീടുകളിലും എസി സാധാരണ കാഴ്ചയായി. കൈയെത്തിപ്പിടിക്കാവുന്ന വിലയും ഓഫറുകളും ആകർഷിക്കുന്നു.
∙ ഒരു ടൺ ശേഷിയുള്ള എസിക്കാണ് വിപണിയിൽ കൂടുതൽ പ്രിയം. ഫൈവ് സ്റ്റാർ റേറ്റിങ്ങിനോടാണ് താൽപ്പര്യമേറെ. കൂടുതൽ പേരും വാങ്ങുന്നത് ത്രീസ്റ്റാറുള്ള എസിയും. സാധാരണ വീടുകളിൽ ഒരു ടൺ എസി മതിയാകുമെന്ന് വിദഗ്‍ധർ പറയുന്നു.
∙ 1.5 ടണ്ണും അതിനു മുകളിലും ശേഷിയുള്ള എസി വാങ്ങുന്നവരുടെ എണ്ണവും കൂടി. പല വീടുകളും സോളറിലേക്ക് മാറിയത് ശേഷി കൂടിയ എസിയുടെ വിൽപന കൂട്ടാന്‍ സഹായിച്ചു.
ജിഎസ്ടി ഇളവും നേട്ടം
എസിയുടെ ജിഎസ്‍ടി 28ൽ നിന്ന് 18 ശതമാനമായി കുറച്ചിരുന്നു. ഇതുവഴി വിലകുറഞ്ഞത് വിൽപനയ്ക്ക് ഉണർവായി. എന്നാലിപ്പോൾ, ഉൽപാദനച്ചെലവ് വർധിച്ചതിനാൽ എസിയുടെ വിലയും കൂടുകയാണ്. വരും ദിവസങ്ങളിൽ വില ഇനിയും വർധിച്ചേക്കും.
വിലവർധന മുന്നിൽക്കണ്ട് എസി വാങ്ങൽ നേരത്തെ ആക്കിയവരുടെ എണ്ണവും കൂടിയിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. രൊക്കം പണം നല്‍കാതെ മാസത്തവണകളായി വാങ്ങാന്‍ കഴിയുന്ന സൗകര്യവും മിക്ക ഷോറൂമുകളിലും ഏർപ്പെടുത്തിയിട്ടുണ്ട്.
എന്തുകൊണ്ട് എസി വില കൂടുന്നു
ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യൻസിയുടെ സ്റ്റാർ റേറ്റിങ് മാനദണ്ഡങ്ങൾ മാറിയതിനെ തുടർന്ന് ഇക്കൊല്ലത്തിന്‍റെ തുടക്കത്തിൽ തന്നെ എസി, റഫ്രിജറേറ്റർ എന്നിവയുടെ വില കൂടിയിരുന്നു.
പശ്ചിമേഷ്യൻ സംഘർഷം മൂലം ഗൃഹോപകരണങ്ങളുടെ നിർമാണത്തിന് ആവശ്യമായ പോളിപ്രൊപ്പലിൻ, പോളിസ്റ്റൈറിൻ, ഗ്യാസ് എന്നിവയുടെ ലഭ്യതയിൽ കുറവുണ്ടായി. രൂപയുടെ വിനിമയ നിരക്കും കുറഞ്ഞതും തിരിച്ചടിയായി. മിക്ക കമ്പനികളും 10% വരെ വില വർധിപ്പിച്ചു. ഇനിയും കൂട്ടാം.
ടിവിക്കും നല്ല വിൽപന
സ്കൂൾ അവധിക്കാലവും നിയമസഭാ തിരഞ്ഞെടുപ്പും ഇന്ത്യൻ പ്രീമിയർ ലീഗും (ഐപിഎൽ) ഒരുമിച്ചെത്തിയതോടെ കേരളത്തിൽ ടിവി വിൽപന ഉയർന്നു. 42 ഇഞ്ചിന്‍റെ ടിവിക്കാണ് ഡിമാൻഡ് ഏറെ.
ഓൺലൈനിൽ നിന്നുമാറി ഷോറൂമിൽ നേരിട്ടെത്തി ബ്രാൻഡഡ് ടിവികൾ വാങ്ങുന്ന ട്രെൻഡ് വീണ്ടും സജീവമായെന്ന് ആറ്റിൻകര ഇലക്ട്രോണിക്സ് മാനേജിങ് ഡയറക്ടർ നൗഷാദ് ആറ്റിൻകര പറഞ്ഞു.






