
മുംബൈ: യുഎസ് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ത്യയുടെ 87 ബില്യണ്‍ ഡോളര്‍ കയറ്റുമതി രംഗം അനിശ്ചിതാവസ്ഥയിലാണ്. എന്നാല്‍ യുഎസിന്റെ ഫലപ്രദമായ തീരുവ 33.6 ശതമാനമാണെന്ന് ആഗോള ബ്രോക്കറേജ് സ്ഥാപനമായ നൊമൂറ പറയുന്നു.
യുഎസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ 60% മാത്രമേ 50% പൂര്‍ണ്ണ താരിഫിന് വിധേയമാകുന്നുള്ളൂ എന്നതിനാലാണിത്. ശേഷിക്കുന്ന 40% കുറഞ്ഞ തീരുവകള്‍ നേരിടുന്നു അല്ലെങ്കില്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു. ഈ മിശ്രിതം 33.6% എന്ന ശരാശരി താരിഫിലേക്ക് നയിക്കുന്നു.
33.6 ശതമാനമെന്നത് ഭയപ്പെട്ടതിനേക്കാള്‍ കുറവാണെങ്കിലും കനത്തതാണ്. തൊഴിലധിഷ്ഠിത മേഖലകളായ തുണിത്തരങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍ എന്നിവയും ഭക്ഷ്യോത്പന്നങ്ങളുമാണ് 50 ശതമാനം തീരുവ നേരിടുന്നത്. സെമികണ്ടക്ടറുകള്‍, ഇലക്ട്രോണിക്‌സ്, മരുന്നുകള്‍, ഊര്‍ജ്ജം, ബുള്ളിയന്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ടിരിക്കുന്നു.
വാഹന ഭാഗങ്ങള്‍ക്ക് 25 ശതമാനം താരിഫാണ് ബാധതമാകുക. മറ്റ് ഏഷ്യന്‍ രാഷ്ട്രങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇന്ത്യ നേരിടുന്ന ഫലപ്രദമായ താരിഫ് ഉയര്‍ന്നതാണെന്നും ബ്രോക്കറേജ് ചൂണ്ടിക്കാട്ടി. ചൈന 42 ശതമാനവും ഇന്തോനേഷ്യ 18.1 ശതമാവും വിയറ്റ്‌നാം 15.9 ശതമാനവും തായ്‌ലന്റ്, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവ 15 ശതമാനവും മലേഷ്യ 11.9 ശതമാനവും താരിഫ് നേരിടുന്നു.
തീരുവ ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന പക്ഷം ജിഡിപി വളര്‍ച്ചയില്‍ 0.7 ശതമാനത്തിന്റെ കുറവുണ്ടാകും. ഇത് ചെറുക്കാന്‍ സര്‍ക്കാറും ആര്‍ബിഐയും പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നുണ്ട്.






