
മുംബൈ: അമേരിക്കയുമായുള്ള ഉഭയകക്ഷി വ്യാപാര കരാര്‍ നവംബറോടെ അന്തിമമാകും, വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. സമീപകാല ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തിരിച്ചറിയുമ്പോഴും ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഒരു വെര്‍ച്വല്‍ നിക്ഷേപക സമ്മേളത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
അതേസമയം ചര്‍ച്ചകള്‍ എന്നുനടക്കുമെന്ന കാര്യം മന്ത്രി വ്യക്തമാക്കിയില്ല. ഇന്ത്യയും യുഎസും ഇതിനോടകം അഞ്ച് റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയ യുഎസ് നടപടി ആറാം റൗണ്ട് ചര്‍ച്ചകള്‍ അട്ടിമറിച്ചു.
റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്ന ഇന്ത്യയുടെ നടപടിയാണ് യുഎസിനെ പ്രകോപിപ്പിച്ചത്. ഈ പണം റഷ്യ ഉക്രെയ്്‌നെതിരായ യുദ്ധത്തില്‍ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. അതേസമയം ഇക്കാര്യത്തില്‍ ചൈനയ്ക്ക് പുറകിലാണ് ഇന്ത്യയുടെ സ്ഥാനം.
യൂറോപ്യന്‍ യൂണിയനാണ് റഷ്യയില്‍ നിന്നും കൂടുതല്‍ എല്‍എന്‍ജി ഇറക്കുമതി ചെയ്യുന്നതെന്നും ഇന്ത്യ വാദിച്ചു. പ്രശ്‌നം സങ്കീര്‍ണ്ണമാണെങ്കിലും യുഎസുമായുള്ള വ്യാപാര ചര്‍ച്ചകള്‍ക്ക് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.
നിരവധി രാജ്യങ്ങളുമായി ഇന്ത്യ ഇതിനോടകം വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മൗറീഷ്യസുമായും യുകെയുമായും ഇഎഫ്ടിഎയുമായും ഉടമ്പടിയ്ക്ക് ധാരണയായപ്പോള്‍ ഓസ്‌ട്രേലിയയുമായുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.
ഇന്ത്യയുടെ ആത്മനിര്‍ഭര്‍ ഭാരത് മിഷന്‍ ലക്ഷ്യം വയ്ക്കുന്നത് സപ്ലേ ചെയ്‌നുകളുടെ ശക്തിപ്പെടുത്തല്‍ കൂടിയാണെന്ന് മന്ത്രി പറഞ്ഞു.