റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

കൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌

കണ്ണൂർ: കേരളത്തിലെ കൈത്തറി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കണ്ണൂർ ഐഐഎച്ച്. കാംപസിലും തിരുവനന്തപുരം നേമത്തും ഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കുമെന്ന് നിയമ-വ്യവസായ-കയർ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചു. കൈത്തറി മേഖല നേരിടുന്ന വെല്ലുവിളികളും അവയ്ക്കുള്ള ബദൽ മാർ​ഗങ്ങളും ചർച്ച ചെയ്യുന്നതിനായി കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ റബ്കോ ഓഡിറ്റോറിയത്തിൽ നടത്തിയ ‘കൈത്തറി കോൺക്ലേവ് 2025’ ല്‍ പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം.

കൈത്തറി മേഖലയുടെ ഉന്നമനത്തിനായി ടെക്നോളജി അപ്ഗ്രഡേഷൻ, മാർക്കറ്റിംഗ്, ബ്രാന്റിംഗ് എന്നിവ സാധ്യമാക്കുന്നതിന് കേരളാ ഹാന്റ് ലൂം ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്നും നിലവിലുള്ള ക്ലസ്റ്റർ സംവിധാനം 24-ൽ നിന്ന് 50 ആയി ഉയർത്തുമെന്നും മന്ത്രി അറിയിച്ചു. ഹാൻടെക്സ് ഹാൻവീവ് എന്നിവയില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തി മികച്ച സ്ഥാപനങ്ങളാക്കി മാറ്റും. കൈത്തറി സംഘങ്ങൾക്ക് പ്രവർത്തന മൂലധനത്തിന്റെ അപര്യാപ്തത പരിഹരിക്കുന്നതിനായി കയർ മാതൃകയിൽ റിവോൾവിംഗ് ഫണ്ട് സ്കീം നടപ്പിലാക്കും.

നെയ്ത്തുകൂലി സമയബന്ധിതമായി നൽകുന്നതിനുള്ള നടപടി സ്വീകരിക്കുകയും കൈത്തറി ബ്രാന്റ് എല്ലാ സംഘങ്ങളിലും നടപ്പിലാക്കുകയും എക്സിബിഷനുകളിൽ കൈത്തറി ബ്രാന്റുളള സംഘങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യും. പ്രീമിയം ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന സംഘങ്ങൾക്ക് പദ്ധതികളിൽ പ്രത്യേക പരിഗണന നൽകുമെന്നും ഉപയോഗശൂന്യമായി കിടക്കുന്ന സംഘങ്ങളിലെ സ്ഥലം വൈവിധ്യവത്കരണത്തിന് ഉപയോഗിക്കാൻ അനുമതി നൽകുമെന്നും എല്ലാ ഉദ്യോഗസ്ഥർക്കും പരിശീലനം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാവിലെ 10 മണി മുതൽ രണ്ട് വേദികളിലായി നടന്ന ഏകദിന ഉച്ചകോടി പി രാജീവ് ഉദ്ഘാടനം ചെയ്തു.

അഴീക്കോട് എംഎൽഎ കെ വി സുമേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങില്‍ എംഎൽഎമാരായ കെ കെ ശൈലജ ടീച്ചർ, എം വിജിൻ, പത്മശ്രീ പി ഗോപിനാഥൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, വ്യവസായ-കയര്‍ വകുപ്പ് ഡയറക്ടറും ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയുമായ ആനി ജൂല തോമസ്, കൈത്തറി വസ്ത്ര ഡയറക്ടര്‍ ഡോ.കെഎസ് കൃപകുമാർ, സംഘാടക സമിതി ചെയർമാൻ ടികെ ഗോവിന്ദൻ മാസ്റ്റർ തുടങ്ങിയവര്‍ പങ്കെടുത്തു.

‘കൈത്തറി പുതിയ കാലം പുതിയ സമീപനം’, ‘കൈത്തറി മേഖല-വെല്ലുവിളികളും ബദൽ മാർ​ഗങ്ങളും’ ‘കൈത്തറി മേഖല-വെല്ലുവിളികളും ബദൽ മാർ​ഗങ്ങളും’ തുടങ്ങിയ വിഷയങ്ങളിൽ ഉച്ചകോടിയില്‍ പാനല്‍ ചർച്ചകൾ നടന്നു. കൈത്തറി യൂണീഫോം എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുക, ഉല്പന്നങ്ങൾ വിറ്റഴിക്കുന്നതിന് ആധുനിക മാർക്കറ്റിംഗ് സംവിധാനം ഉപയോഗിക്കുക, വ്യാജ ഉത്പന്നങ്ങൾ തിരിച്ചറിയാൻ അംഗീകൃത ഉപയോക്താക്കളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കൽ, പ്രാഥമിക സഹകരണ ധനകാര്യ സ്ഥാപനങ്ങളിലെ മിച്ചഫണ്ട് കൈത്തറി മേഖലയിലേക്ക് ഉപയോഗിക്കാൻ നടപടി സ്വീകരിക്കുക, കൈത്തറി തൊഴിലാളികൾക്ക് ചികിൽസാ സൗകര്യങ്ങൾ ഏർപ്പെടുത്തുക, നൂതന ടെക്നോളജികൾ ലഭ്യമാക്കുക തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.

പവർലൂം ഉത്പന്നങ്ങൾ, കൈത്തറി ഉത്പന്നങ്ങൾ തിരിച്ചറിയാൻ സാധിക്കാതെ വരുന്നത്, പുതിയ ഉത്പന്നങ്ങളുടെയും നൂലുകളുടെയും കുറവ്, പുതിയ തലമുറയുടെ അഭാവം, വിദഗ്ധ തൊഴിലാളികളുടെയും സാങ്കേതിക വിദഗ്ധരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കുറവ് എന്നിവയാണ് മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളായി ഉയർന്നുവന്നത്. കൈത്തറി വിദഗ്ധ സമതി റിപ്പോർട്ടിൻമേൽ സർക്കാർ സ്വീകരിച്ച നടപടികൾ കൈത്തറി വസ്ത്ര ഡയറക്ടർ ഡോ. കെഎസ് കൃപകുമാർ വിശദീകരിച്ചു. മന്ത്രി പി രാജീവിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം നിയമസഭാ സ്പീക്കർ എഎൻ ഷംസീർ ഉദ്ഘാടനം ചെയ്തു. കെ വി സുമേഷ് എംഎൽഎ, ഹാൻവീവ് ചെയർമാൻ ടികെ ഗോവിന്ദൻ മാസ്റ്റർ, ഡോ. കെഎസ് കൃപകുമാർ തുടങ്ങിയവര്‍ പങ്കെടുത്തു. കൈത്തറി സംഘം ഭാരവാഹികളും തൊഴിലാളികളുമടക്കം 1500 പേർ ഉച്ചകോടിയുടെ ഭാ​ഗമായി.

X
Top