
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നടത്തുന്ന ജിഎസ്ടി രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചു. കൂടുതൽ വ്യാപാരികളെ ജിഎസ്ടി സംവിധാനത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരുന്നതിനും, ജിഎസ്ടി റിട്ടേണുകൾ ഫയൽ ചെയ്യുന്നത് വർധിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാന തലത്തിൽ കാംപെയ്നുകൾ നടത്തുമെന്ന് സംസ്ഥാന ബഡ്ജറ്റ് 2025-2026-ൽ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. 40 ലക്ഷത്തിന് മേൽ വാർഷിക വിറ്റുവരവുള്ള , ചരക്കുകൾ മാത്രം കൈകാര്യം ചെയ്യുന്ന വ്യാപാരികളും, ബിസിനസ്സിൽ സേവനം കൂടി ഉൾപ്പെടുന്നുണ്ടെങ്കിൽ 20 ലക്ഷത്തിന് മേൽ വാർഷിക വിറ്റുവരവുള്ള ബിസിനസ്സുകാരും നിയമപ്രകാരം നിർബന്ധമായും ജിഎസ്ടി രജിസ്ട്രേഷൻ എടുക്കേണ്ടതാണ്.
ഇത് കൂടാതെ ചരക്ക് സേവന നികുതി നിയമം സെക്ഷൻ 24-ൽ പരാമർശിച്ചിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ ഉൾപ്പെടുന്ന വ്യാപാരികൾ വിറ്റ് വരവ് പരിധി കണക്കാക്കാതെ തന്നെ രജിസ്ട്രേഷൻ എടുക്കേണ്ടതാണ്. രജിസ്ട്രേഷൻ എടുക്കുന്നത് മൂലം വ്യാപാരത്തിന് നിയമപരമായ അംഗീകാരം ലഭിക്കുന്നതോടൊപ്പം ഇൻപുട്ട് ടാക്സ് ക്രെഡിറ്റിനുള്ള അർഹതയും വിപണിയിൽ വളർച്ചയ്ക്കുള്ള വലിയ അവസരങ്ങളും മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കുന്നു. പൂർണമായും ഓൺലൈൻ സംവിധാനമാണ് ജിഎസ്ടി രജിസ്‌ട്രേഷൻ എടുക്കുവാനായി ഏർപ്പെടുത്തിയിരിക്കുന്നത്.






