
ന്യൂഡൽഹി: രാജ്യത്തെ ചരക്കുസേവന നികുതി (ജി.എസ്.ടി) നിരക്ക് കുറച്ചിട്ടും വരുമാനത്തിൽ വർധന. ഡിസംബറിൽ ആറ് ശതമാനത്തിന്റെ വർധനയുണ്ടായി. 1.74 ലക്ഷം കോടി രൂപയാണ് ആകെ ലഭിച്ച നികുതി.
2024 ഡിസംബറിൽ ഇത് 1.64 ലക്ഷം കോടി രൂപയായിരുന്നു. റീഫണ്ടുകൾ നൽകിയതിന് ശേഷമുള്ള സർക്കാറിന്റെ യഥാർഥ വരുമാനം 1.45 ലക്ഷം കോടി രൂപയാണ്. ഇത് മുൻവർഷത്തേക്കാൾ 2.2 ശതമാനം കൂടുതലാണ്.
രാജ്യത്തിനകത്തെ കച്ചവടങ്ങളിൽനിന്നുള്ള നികുതി വരുമാനം 1.22 ലക്ഷം കോടി രൂപയാണ്. ഇതിൽ 1.2 ശതമാനത്തിന്റെ നേരിയ വളർച്ച മാത്രമാണുള്ളത്. എന്നാൽ, വിദേശ ഇറക്കുമതിയിൽനിന്നുള്ള നികുതി വരുമാനം 19.7 ശതമാനം കൂടി 51,977 കോടി രൂപയായി.
ആഡംബര വസ്തുക്കൾക്ക് മേലുള്ള സെസ് വരുമാനം വലിയ തോതിൽ കുറഞ്ഞു. കഴിഞ്ഞ വർഷം 12,003 കോടി രൂപയായിരുന്നത് ഇത്തവണ 4,238 കോടി രൂപയായി.






