
ഗ്രേയ്റ്റര്‍ നോയ്ഡ: നികുതി ഭാരം ലഘൂകരിക്കുക എന്ന ലക്ഷ്യം വച്ച് ചരക്ക്, സേവന നികുതി (ജിഎസ്ടി) പരിഷ്‌ക്കരണം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശ് അന്തര്‍ദ്ദേശീയ ട്രേഡ് ഷോ 2025 ന്റെ ഉദ്ഘാടനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
12 ലക്ഷം വരെയുള്ള വരുമാനം നികുതി പരിധിയില്‍ നിന്നൊഴിവാക്കിയ കാര്യം മോദി ചൂണ്ടിക്കാട്ടി. കൂടാതെ ജിഎസ്ടി പരിഷ്‌ക്കരണത്തോടെ ഇന്ത്യന്‍ പൗരന്മാരുടെ വാര്‍ഷിക സമ്പാദ്യം 2.5 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഘടനാപരമായ പരിഷ്‌ക്കാരങ്ങള്‍ക്ക് ഇനിയും സാധ്യതയുണ്ട്.
പരിഷ്‌ക്കരണം, ജിഎസ്ടി സ്ലാബുകള്‍ മൂന്നെണ്ണമായി കുറയ്ക്കുന്നു. അവശ്യവസ്തുക്കള്‍, ഇലക്ട്രോണിക്സ്, വാഹനം എന്നിവയ്ക്ക് 5 മുതല്‍ 18 ശതമാനം വരെ ജിഎസ്ടിയാണ്. അത്യാഢംബര വസ്തുക്കള്‍ക്ക് ഇത് 40 ശതമാനവും പുകയില തുടങ്ങിയ ഹാനികരമായ വസ്തുക്കള്‍ക്ക് 28 ശതമാനവുമായി. നേരത്തെ 5,12,18,28 ശതമാനം സ്ലാബുകളിലാണ് ചരക്ക്, സേവന നികുതിയുണ്ടായിരുന്നത്.
പുതിയ മാറ്റം, സമ്പദ് വ്യവസ്ഥയിലേയ്ക്ക് ഏകദേശം 2 ലക്ഷം കോടി ഒഴുക്കുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നേരത്തെ അറിയിച്ചു.ഇതുവഴി ഉപഭോഗം ഇരിട്ടിയാകുമെന്നും സമ്പദ് വ്യവസ്ഥ ശക്തിപ്രാപിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.