
ന്യൂഡല്‍ഹി: നികുതി വ്യവസ്ഥ ലളിതമാക്കുക, നിയന്ത്രണങ്ങള്‍ ലഘൂകരിക്കുക, പൊതുജനങ്ങളേയും എംഎസ്എംഇകളേയും സഹായിക്കുക എന്നിവയാണ് പുതിയ ജിഎസ്ടി പരിഷ്‌ക്കാരങ്ങളുടെ ലക്ഷ്യമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. വിജ്ഞാന്‍ ഭവനില്‍ മന്ത്രിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ഘടനാപരമായ മാറ്റങ്ങള്‍, നിരക്ക് യുക്തിസഹീകരണം, ജീവിത സൗകര്യം എന്നീ മൂന്ന് തൂണുകളിലാണ് പരിഷ്‌കാരങ്ങള്‍ നിലകൊള്ളുന്നത്. ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന ദര്‍ശനത്തെ ഇത് ശക്തിപ്പെടുത്തുകയും വിപരീത തീരുവ ഘടന കാരണമുള്ള പ്രതിസന്ധി പരിഹരിക്കുകയും ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ശേഖരണം കുറയ്ക്കുകയും ചെയ്യുന്നു. ഇതുവഴി ആഭ്യന്തര മൂല്യവര്‍ദ്ധനവ് വര്‍ദ്ധിപ്പിക്കാനാകും.
നിലവില്‍ പല ബിസിനസുകളും അസംസ്‌കൃത വസ്തുക്കള്‍ക്ക് കൂടുതല്‍ ജിഎസ്ടി നല്‍കുന്നുണ്ട്. പിന്നീട് ഈ തുക ക്ലെയിം ചെയ്യുന്നതോടെ നികുതി ക്രെഡിറ്റുകള്‍ വര്‍ദ്ധിക്കുന്നു. ഇത് സംവിധാനത്തെ നിശ്ചലമാക്കുന്നതായി വിദഗ്ധര്‍ പറഞ്ഞു.
ഈ പ്രതിസന്ധി പരിഹരിക്കാന്‍ പരിഷക്കരണം ഇടയാക്കും. കൂടാതെ ഇന്‍വേര്‍ട്ടഡ് ടാക്‌സ് സംവിധാനം പ്രാദേശിക ഉത്പാദനം ചെലവേറിയതാക്കുന്നുണ്ട്. പുതിയ പരിഷ്‌ക്കരണം നിലവില്‍ വരുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകും. ഇത് വഴി ആഭ്യന്തര ഉത്പാദനമുയരും.
പരിഷ്‌ക്കരണം തര്‍ക്കങ്ങള്‍ കുറയ്ക്കുകയും നിയന്ത്രണങ്ങള്‍ പാലിക്കുക എളുപ്പമാക്കുകയും ചെയ്യും. വ്യവസായികളുടെ ആത്മവിശ്വാസവും ദീര്‍ഘകാല ആസൂത്രണവും ശക്തിപ്പെടുത്തുന്നതിന് ജിഎസ്ടി നയത്തില്‍ സ്ഥിരത ഉറപ്പാക്കുമെന്ന് ധനമന്ത്രി യോഗത്തില്‍ പറഞ്ഞു.






