
ന്യൂഡല്‍ഹി: ചരക്ക്, സേവന നികുതി (ജിഎസ്ടി) സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ക്കൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. വരാനിരിക്കുന്ന ധനകാര്യബില്ലില്‍ പരിഷ്‌ക്കരണം ഉള്‍പ്പെടുത്തിയേക്കും. രജിസ്‌ട്രേഷന്‍ എളുപ്പമാക്കുക, റീഫണ്ടുകള്‍ വേഗത്തില്‍ ലഭ്യമാക്കുക എന്നിവയാണ് നിര്‍ദ്ദിഷ്ട പരിഷ്‌ക്കാരങ്ങള്‍.
പുതിയ നിയമങ്ങള്‍ നികുതിദാകയകരും സര്‍ക്കാറും തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജിഎസ്ടി രജിസ്‌ട്രേഷന്‍ പ്രക്രിയ ലളിതമാക്കുക എന്നതാണ് പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന്. നിലവില്‍, ബിസിനസുകള്‍ ആവര്‍ത്തിച്ചുള്ള പരിശോധനകളും കാലതാമസവും നേരിടുന്നു. പുതിയ നടപടി രജിസ്‌ട്രേഷന്‍ വേഗത്തിലാക്കും.
രജിസ്റ്റര്‍ ചെയ്യുന്നതിന് നിലവില്‍ ബിസിനസുകള്‍ ആവര്‍ത്തിച്ചുള്ള രേഖ പരിശോധനകളും കാലതാമസവും നേരിടുന്നു.പുതിയ സംവിധാനത്തിന് കീഴില്‍, മിക്ക അപേക്ഷകര്‍ക്കും മൂന്ന് ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ആധാറുപയോഗിച്ചുള്ള ഓട്ടോമേറ്റഡ് പരിശോധനയാണിത് സാധ്യമാക്കുക. ഉടമയുടെ ഐഡന്റിറ്റിയും വിശദാംശങ്ങളും രേഖകളുമായി പൊരുത്തപ്പെടുന്നുണ്ടെങ്കില്‍, മാനുവല്‍ അവലോകനം കൂടാതെ രജിസ്‌ട്രേഷന്‍ അംഗീകരിക്കപ്പെടും.
ഓട്ടോമാറ്റിക് റീഫണ്ടുകളും നിര്‍േദശങ്ങളില്‍പെടുന്നു. നിലവില്‍ റീഫണ്ട് സ്ഥിരീകരണം ആഴ്ചകളോ മാസങ്ങളോ എടുക്കുന്ന പ്രക്രിയയാണ്. പുതിയ നിര്‍ദ്ദേശ പ്രകാരം റീഫണ്ട് തുകയുടെ 90 ശതമാനം ഏഴ് ദിവസത്തിനുള്ളില്‍ റിലീസ് ചെയ്യും. ബാക്കി പത്ത് ശതമാനം കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം നല്‍കും.
തെറ്റായ ക്ലെയ്മുകള്‍ക്ക് കര്‍ശനമായ പിഴകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (FICCI), കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (CII) തുടങ്ങിയ വ്യവസായ ഗ്രൂപ്പുകള്‍ ഈ നിര്‍ദ്ദേശങ്ങളെ സ്വാഗതം ചെയ്തു.






