ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ജിഎസ്‌ടി പരിഷ്കരണം: സാമ്പത്തികവളർച്ചയ്ക്കു മുതല്‍ക്കൂട്ടാകുമെന്ന് റിപ്പോർട്ട്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിച്ച ചരക്ക്-സേവന നികുതി പരിഷ്കരണം സാമ്പത്തികവളർച്ചയ്ക്കു മുതല്‍ക്കൂട്ടാകുമെന്ന് റിസർച്ച്‌ ഏജൻസികള്‍.

നികുതിപരിഷ്കരണം 2.4 ലക്ഷം കോടി രൂപയുടെ അധിക ഉപഭോഗം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. ഇതുവഴി രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളുയരും. കൂടുതല്‍ തൊഴിലവസരങ്ങളുമുണ്ടാകും.

വളർച്ചയില്‍ 0.50 ശതമാനം മുതല്‍ 0.70 ശതമാനം വരെ വർധനയാണ് വിവിധ ഏജൻസികള്‍ പ്രതീക്ഷിക്കുന്നത്. അമേരിക്കയുടെ അധികത്തീരുവവഴി കയറ്റുമതി കുറയുമ്പോഴുണ്ടാകുന്ന ഇടിവിനെക്കാള്‍ കൂടുതല്‍ വളർച്ച ജിഎസ്ടി പരിഷ്കരണം വഴി ഉണ്ടാകുമെന്നും വിവിധ ഏജൻസികള്‍ സൂചിപ്പിക്കുന്നു.

ദീപാവലിയോടനുബന്ധിച്ചാണ് നികുതിപരിഷ്കരണം നടപ്പാക്കുകയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുന്നു. ഉത്സവകാലത്തിനു തുടക്കംകുറിക്കുന്ന സമയമാണിത്. അതുകൊണ്ടുതന്നെ ഈ സമയം രാജ്യത്തെ ഉപഭോഗം ശക്തമാകും.

അഞ്ചുശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് ജിഎസ്ടി നിരക്കുകള്‍ രണ്ടായി ചുരുങ്ങും. 12 ശതമാനം ജിഎസ്ടിയുടെ ഗണത്തില്‍വരുന്ന ഭൂരിഭാഗവും അഞ്ചു ശതമാനത്തിലേക്കും 28 ശതമാനം നിരക്കുള്ള 90 ശതമാനം വരെ ഉത്പന്നങ്ങള്‍ 18 ശതമാനത്തിലേക്കും മാറുമെന്നാണ് കരുതുന്നത്. കൂടാതെ ആഡംബരവസ്തുക്കള്‍, പുകയില പോലുള്ളവയ്ക്ക് പ്രത്യേകമായി 40 ശതമാനം നിരക്കും വന്നേക്കും.

പരോക്ഷനികുതിയിലെ ഈ മാറ്റങ്ങള്‍ ആളുകളുടെ കൈകളിലേക്ക് 2.4 ലക്ഷം കോടി രൂപ അധികമായി എത്തിക്കുമെന്നാണ് കൊടക് ഇക്വിറ്റീസിന്റെ വിലയിരുത്തല്‍. ചെറുകാറുകള്‍, ഇരുചക്രവാഹനങ്ങള്‍, ഉപഭോക്തൃ ഉത്പന്നങ്ങള്‍ തുടങ്ങിയ മേഖലകളിലായിരിക്കും ഉപഭോഗം കൂടുതലായുണ്ടാകുക.

ജിഎസ്ടി വെട്ടിക്കുറയ്ക്കുന്നത് ആളുകളുടെ വാങ്ങല്‍ശേഷികൂട്ടുമെന്ന് മോർഗൻ സ്റ്റാൻലി വിലയിരുത്തുന്നു. ചെറുവരുമാനക്കാർക്കാണ് ഇത് കൂടുതല്‍ പ്രയോജനപ്പെടുക. ഉപഭോഗം കൂടുന്നത് വ്യവസായങ്ങള്‍ക്കും ഗുണകരമാണ്.

കമ്പനികള്‍ക്ക് ഉത്പാദനശേഷി ഉയർത്തേണ്ടതായിവരും. ഇത് കൂടുതല്‍ തൊഴിലവസരങ്ങളും കൊണ്ടുവരും. സ്വകാര്യ മൂലധന നിക്ഷേപം കൂട്ടും. ഇതെല്ലാംചേർന്ന് സാമ്പത്തിക വളർച്ചയില്‍ വാർഷികാടിസ്ഥാനത്തില്‍ അരശതമാനം മുതല്‍ 0.70 ശതമാനംവരെ വർധനയുണ്ടാക്കുമെന്ന് മോർഗൻ സ്റ്റാൻലി പറയുന്നു. മാത്രമല്ല, ഉപഭോക്തൃ പണപ്പെരുപ്പം വീണ്ടും കുറയാനും ഇതു സഹായകരമാകും. 0.40 ശതമാനംവരെ കുറവാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം, ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുന്നത് സർക്കാരിന്റെ വരുമാനത്തെ ബാധിച്ചേക്കാം. 0.40 ശതമാനം വരെ ഇടിവാണ് ഇത്തരത്തില്‍ പ്രതീക്ഷിക്കുന്നതെന്ന് എംകെ ഗ്ലോബലിന്റെ റിപ്പോർട്ടില്‍ പറയുന്നു.

ഇരുചക്രവാഹനങ്ങള്‍, സിമന്റ്, എയർകണ്ടിഷണറുകള്‍ തുടങ്ങി 28 ശതമാനം നികുതിയുള്ള ഉത്പന്നങ്ങള്‍ക്കായിരിക്കും ജിഎസ്ടി പരിഷ്കരണം ഏറെ ഗുണം ചെയ്യുകയെന്ന് ജെഫറീസ് സൂചിപ്പിച്ചു. വാഹനമേഖലയില്‍ നികുതികുറഞ്ഞാല്‍ ഉപഭോഗത്തില്‍ 15 മുതല്‍ 20 ശതമാനം വരെ വർധനയുണ്ടാകുമെന്ന് നോമുറ പറയുന്നു.

X
Top