
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്കുകളിലെ മാറ്റങ്ങള്‍ കേന്ദ്രസര്‍ക്കാറിന് വലിയ സാമ്പത്തികനഷ്ടം വരുത്തില്ല. റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. റിപ്പോര്‍ട്ടനുസരിച്ച് ജിഎസ്ടി യുക്തിസഹീകരണം മൂലമുണ്ടാകുന്ന ഹ്രസ്വകാല വാര്‍ഷിക വരുമാന നഷ്ടം 48,000 കോടി ആയിരിക്കും. കഴിഞ്ഞവര്‍ഷം ശേഖരിച്ച 10.6 ലക്ഷം കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെക്കുറവ്.
ജിഎസ്ടി സ്ലാബുകള്‍ 18 ശതമാനവും 5 ശതമാനവുമാക്കി കുറച്ചത് ഉത്പന്നങ്ങളേയും സേവനങ്ങളേയും സമ്പദ് വ്യവസ്ഥയിലേയ്ക്ക് കൊണ്ടുവരികയും അവയ്ക്ക് മേല്‍ ശരിയായ നികുതി ചുമത്തപ്പെടുകയും ചെയ്യും. ഇത് നികുതി പരിവ് വര്‍ദ്ധിപ്പിക്കും.
നിലവില്‍ ജിഎസ്ടി വരുമാനത്തിന്റെ ഭൂരിഭാഗവും -ഏകദേശം 70 മുതല്‍ 75 ശതമാനം വരെ -18 ശതമാനം നികുതി സ്ലാബ് വഴിയാണ്. 12 ശതമാനം സ്ലാബ് വരുമാനത്തിന്റെ 5 മുതല്‍ 6 ശതമാനം വരെയാണ് സംഭാവന ചെയ്യുന്നത്. 28 ശതമാനം സ്ലാബിന്റെ സംഭാവന 13 മുതല്‍ 15 ശതമാനം വരെ.
അതുകൊണ്ടുതന്നെ 12 ശതമാനം നികുതി കുറയുന്നത് വരുമാന നഷ്ടം സൃഷ്ടിക്കില്ല. മൊബൈല്‍ഫോണ്‍ പോലുള്ള ഉത്പന്നങ്ങള്‍ക്ക് 18 ശതമാനം നികുതി ചുമത്തുന്നുണ്ടെന്നും ക്രിസില്‍ ചൂണ്ടിക്കാട്ടി. കൂടാതെ ഇ-കൊമേഴ്‌സ് ഡെലിവറി പോലുള്ളവ പുതിയതായി പരിധിയില്‍ വന്നു. ഈ നടപടികള്‍ വരുമാനമുയര്‍ത്തും.
അതിവേഗം വിറ്റുപോകുന്ന ഉത്പന്നങ്ങളുടെ വില കുറയുന്നത് പണം മിച്ചംപിടിക്കാന്‍ ജനങ്ങളെ സഹായിക്കുകയും അത് ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇതുവഴി നികുതിപിരിവും ഉയരും. അതുകൊണ്ടുതന്നെ ജിഎസ്ടി നിരക്ക് യുക്തിസഹീകരണം ഒരു പോസിറ്റീവ് നീക്കമാണ്.






