
ന്യൂഡൽഹി: വ്യാജ ബില്ലുകൾ വഴിയുള്ള നികുതിവെട്ടിപ്പ് തടയുന്നതും ജി.എസ്.ടി വരുമാനം വർദ്ധിപ്പിക്കുന്നതും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പുതിയ ജി.എസ്.ടി പരിഷ്കരണം ആഗസ്റ്റ് ഒന്നുമുതൽ പ്രാബല്യത്തിൽ വരും.
അഞ്ച് കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള ബിസിനസ് സ്ഥാപനങ്ങൾ ആഗസ്റ്റ് ഒന്നുമുതൽ ജി.എസ്.ടി ഇ-ഇൻവോയ്സ് നിർബന്ധമായും സമർപ്പിക്കണം.
നിലവിൽ 10 കോടി രൂപയ്ക്കുമേൽ വാർഷിക വിറ്റുവരവുള്ള ബിസിനസ് ടു ബിസിനസ് (ബിടുബി) ഇടപാടുകൾക്ക് മാത്രം ബാധകമായ ചട്ടമാണ് സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് (സി.ബി.ഐ.സി ) അഞ്ച് കോടി രൂപയായി കുറച്ചത്. ഇതോടെ കേരളത്തിലടക്കം വലിയൊരു വിഭാഗം ചെറുകിട സംരംഭങ്ങളും ഇൻവോയ്സ് പരിധിക്കകത്തായി.
കേരളത്തിൽ 5000 വ്യാപാരികൾ കൂടി
വിറ്റുവരവ് പരിധി കുറച്ചതോടെ കേരളത്തിലെഏകദേശം 5000 ചെറുകിട കച്ചവക്കാർ കൂടി ജി.എസ്.ടി ഇ-ഇൻവോയ്‌സ് സമർപ്പിക്കേണ്ടി വരും. ആഗസ്റ്റ് ഒന്നുമുതൽ ഓരോ ഇടപാടിനും ഇ-ഇൻവോയ്‌സ് സമർപ്പിക്കുകയും ഇ-വേ ബില്ലും കരുതുകയും വേണം. സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ഇത് ബാധിക്കുമെന്ന് കച്ചവടക്കാർ ആരോപിക്കുന്നു.
നിബന്ധനകൾ
ഇക്കഴിഞ്ഞ മേയിലാണ് ബാധകമായ വിറ്റുവരവ് പരിധി സി.ബി.ഐ.സി അഞ്ചുകോടി രൂപയായി പരിഷ്‌കരിച്ചത്. ചരക്കുനീക്കം, സേവനങ്ങൾ, കയറ്റുമതി എന്നിവയ്ക്ക് ഇത് ബാധകമാണ്.
2017-18ന് ശേഷമുള്ള ഏതെങ്കിലും സാമ്പത്തിക വർഷം അഞ്ച് കോടി രൂപയ്ക്കുമേൽ വാർഷിക വിറ്റുവരവുള്ളവർ ആഗസ്റ്റ് ഒന്നുമുതൽ ഇ-ഇൻവോയ്‌സ് സമർപ്പിക്കണം.
അഞ്ച് കോടിയിലേറെ വിറ്റുവരവുണ്ടായിട്ടും ഇ–ഇൻവോയ്സ് തയാറാക്കിയില്ലെങ്കിൽ സ്വീകരിക്കുന്നയാൾക്ക് ഇൻപുട് ടാക്സ് ക്രെഡിറ്റ് (ഐ.ടി.സി) ലഭിക്കില്ല.
ചരക്കു നീക്കം ആരംഭിക്കുന്നതിനു മുൻപു തന്നെ ഇ–ഇൻവോയ്സിംഗ് നടത്തണം. ഇതിനായി ജി.എസ്.ടി കോമൺ പോർട്ടൽ വഴിയോ ഇ–ഇൻവോയ്സ് റജിസ്ട്രേഷൻ പോർട്ടലായ einvoice1.gst.gov.in വഴിയോ രജിസ്ട്രേഷൻ എടുക്കണം.
ഇ-വേ ബിൽ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യാപാരികൾക്ക് ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഇ- ഇൻവോയ്‌സിംഗേ പോർട്ടലിൽ ലോഗിൻ ചെയ്യാം.
ഓരോ ഇടപാടിനും ഓരോ (unique) ഇൻവോയ്‌സ് റെഫറൻസ് നമ്പറോട് കൂടിയ ഇ-ഇൻവോയ്‌സ് ജനറേറ്റ് ചെയ്യപ്പെടും. ഇത് വിറ്റവരും വാങ്ങിയവരും സമർപ്പിച്ച രേഖകളുമായി ഒത്തുനോക്കും. പൊരുത്തക്കേടുകളില്ലെങ്കിൽ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭ്യമാക്കും. പൊരുത്തക്കേട് ഉണ്ടെങ്കിൽ നികുതിവകുപ്പ് നടപടി സ്വീകരിക്കും.
ബാധകമല്ലാത്തവർ
നികുതിയില്ലാത്ത ചരക്കുകൾ കൈകാര്യം ചെയ്യുന്ന വ്യാപാരികൾക്ക് ഇ-ഇൻവോയ്‌സിംഗ് ആവശ്യമില്ല.
പ്രത്യേക സാമ്പത്തിക പരിധിയിലെ (സെസ്) യൂണിറ്റുകൾ, ഇൻഷ്വറൻസ്, ബാങ്കിതര ധനകാര്യ കമ്പനികൾ അടക്കമുള്ള ബാങ്കിംഗ് മേഖല, ഗുഡ്സ് ട്രാൻസ്പോർട്ടിംഗ് ഏജൻസികൾ, പാസഞ്ചർ ട്രാൻസ്പോർട്ട് സർവീസ്, മൾട്ടിപ്ലക്സ് സിനിമ എന്നീ മേഖലകളെയും ഇ–ഇൻവോയ്സിങ്ങിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.