
തിരുവനന്തപുരം: ചരക്കു സേവന നികുതി സംബന്ധിച്ച പരാതികളിൽ അപ്പീൽ കേൾക്കാൻ അപ്പലേറ്റ് ട്രിബ്യൂണലുകൾ സ്ഥാപിക്കാനുള്ള കേരള നികുതി ചുമത്തൽ നിയമ (ഭേദഗതി) ഓർഡിനൻസിന്‍റെ കരട് പുറപ്പെടുവിക്കാൻ ഗവർണറോട് ശിപാർശ ചെയ്യാൻ മന്ത്രിസഭാ തീരുമാനം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാകും ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണലുകൾ സ്ഥാപിക്കുക.
ചരക്കു സേവന നികുതി നിയമത്തിൽ മൂന്നുതരം അപ്പീലുകളാണു വ്യവസ്ഥ ചെയ്യുന്നത്. ആദ്യം വകുപ്പുതല അപ്പീലാണ് പരിഗണിക്കുക.
രണ്ടാമതായി അപ്പലേറ്റ് ട്രിബ്യൂണൽ സ്ഥാപിക്കണമെന്നു വ്യവസ്ഥ ചെയ്യുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അപ്പലേറ്റ് ട്രിബ്യൂണൽ സ്ഥാപിക്കുക. സംസ്ഥാനത്തു മൂന്നു ട്രിബ്യൂണൽ വേണമെന്നാണു കരടിൽ ശിപാർശ ചെയ്യുന്നത്. മൂന്നാം അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതിയിലാണ്.
ഇതു സംബന്ധിച്ച ഓർഡിനൻസ് 2023ലെ കേന്ദ്ര ധനകാര്യ നിയമം മുഖേന കേന്ദ്ര ചരക്ക് സേവന നികുതി നിയമത്തിൽ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിൽ 2017ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി നിയമം ഭേദഗതി ചെയ്യുന്നതിനും ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണൽ സ്ഥാപിക്കുന്നതിനുമുള്ള നിയമ നിർമാണമാണ് നടത്തേണ്ടത്.