
മുംബൈ: ദേശീയ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ മോണിറ്ററിംഗ് സൗകര്യം സ്ഥാപിക്കാനായി ഇന്ത്യ ഗവണ്‍മെന്റ് 900 കോടി രൂപ നിക്ഷേപിക്കും ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ സംസാരിക്കവേ കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇക്കാര്യം അറിയിച്ചത്. സ്‌പെക്ട്രം ആസ്തികളും ഡാറ്റ ഉറവിടങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്.
ഇന്റര്‍നെറ്റ്, ടെലിവിഷന്‍, മറ്റ് ഡിജിറ്റല്‍ ആശയവിനിമയങ്ങള്‍ക്കായി സി്ഗ്നലുകള്‍ കൈമാറുന്ന സാറ്റ്‌ലൈറ്റ് ഉപയോഗത്തേയാണ് സാറ്റ്‌കോം എന്ന് ചുരുക്കി വിളിക്കപ്പെടുന്ന സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷന്‍ സൂചിപ്പിക്കുന്നത്. ഗ്രൗണ്ട് അധിഷ്ഠിത ടവറുകളെ ആശ്രയിക്കുന്ന പരമ്പരാഗത മൊബൈല്‍ നെറ്റ് വര്‍ക്കുകളില് നിന്ന് വ്യത്യസ്തമായി വിദൂരവും എത്തിച്ചേരാന്‍ പ്രയാസമുള്ളതുമായ പ്രദേശങ്ങളില്‍ സാറ്റ്‌കോം കവറേജ് ലഭ്യമാകും.
ഈ ഉപഗ്രഹ ഗേറ്റ്വേകളുടെ മേല്‍നോട്ടവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനുള്ള ഒരു കേന്ദ്രീകൃത സംവിധാനമായി പുതിയ മോണിറ്ററിംഗ് സൗകര്യം പ്രവര്‍ത്തിക്കും. അവ സാറ്റ്‌ലൈറ്റ് ഗേറ്റ് വേകള്‍ ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡാറ്റാ സമഗ്രത നിലനിര്‍ത്തുന്നുണ്ടെന്നും ഉറപ്പാക്കും.
ടെലികമ്മ്യൂണിക്കേഷനും പ്രക്ഷേപണ സേവനങ്ങളും ഉള്‍പ്പെടുന്ന ഇന്ത്യന്‍ സാറ്റ്‌കോം വിപണിയുടെ മൂല്യം 2024 ല്‍ 4.3 ബില്യണ്‍ യുഎസ് ഡോളറായിട്ടുണ്ട്. 2033 ഓടെ ഇത് 14.8 ബില്യണ്‍ ഡോളറിന്റേതാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ സ്‌പെക്ട്രത്തിന്റെ ദുരുപയോഗം, അതിലേയ്ക്കുള്ള അനധികൃത ആക്‌സസ് എന്നിവ തടയുന്നതിന് ശക്തമായ ഒരു നിരീക്ഷണ സംവിധാനം ആവശ്യമാണ്. ഈ പാതയിലെ സുപ്രധാന ചുവടുവെപ്പാണ് സാറ്റ്‌കോം മോണിറ്ററിംഗ് സെന്റര്‍.