
ന്യൂഡല്‍ഹി: ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍, അള്‍ട്രാ-സ്‌മോള്‍ ഫോം ഫാക്ടര്‍ കമ്പ്യൂട്ടറുകള്‍, സെര്‍വറുകള്‍ എന്നിവയുടെ ഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. പുതിയ തീരുമാനപ്രകാരം ലൈസന്‍സോട് കൂടിയ ഇറക്കുമതി മാത്രമേ അനുവദിക്കൂ. എന്നാല്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍, കൊറിയറുകള്‍ അല്ലെങ്കില്‍ പോസ്റ്റ് വഴിയുള്ള ഇറക്കുമതി നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
ബാഗേജ് നിയമപ്രകാരമുള്ള ഇറക്കുമതിക്കും നിയന്ത്രണങ്ങള്‍ ബാധകമല്ല.ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വിജ്ഞാപനത്തില്‍ അറിയിക്കുന്നു.ഗവേഷണം, വികസനം, പരിശോധന, ബെഞ്ച്മാര്‍ക്കിംഗ്, വിലയിരുത്തല്‍, അറ്റകുറ്റപ്പണി, പുനര്‍ കയറ്റുമതി, ഉല്‍പ്പന്ന വികസനം എന്നിവയ്ക്കായി 20 ഓളം വരുന്ന ഈ ഉപകരണങ്ങള്‍ ഒരു കണ്‍സൈന്‍മെന്റില്‍ ഉള്‍പ്പെടുത്തി ഇറക്കുമതി ചെയ്യാം.
അങ്ങിനെ ചെയ്യുമ്പോള്‍ ലൈസന്‍സ് ആവശ്യമില്ല. എന്നാല്‍ പ്രഖ്യാപിത ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ, വില്‍ക്കരുത് എന്നീ വ്യവസ്ഥകള്‍ ക്ക് വിധേയമായിട്ടായിരിക്കും ഇറക്കുമതി. കൂടാതെ, ഉദ്ദേശ്യത്തിന് ശേഷം, ഉല്‍പ്പന്നങ്ങള്‍ നശിപ്പിക്കുകയോ തിരിച്ച് കയറ്റുമതി ചെയ്യുകയോ വേണം.
മൂലധന ചരക്കിന്റെ അനിവാര്യഘടകമെന്ന നിലയിലും ഇറക്കുമതി സാധ്യമാണ്. വ്യാപാര സന്തുലിതാവസ്ഥ പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍. മെയ്, ജൂണ്‍ മാസങ്ങളില്‍ വ്യാപാരകമ്മി 20 ബില്യണ്‍ ഡോളര്‍ കവിഞ്ഞിരുന്നു.