
ന്യൂഡല്‍ഹി: ജിഎസ്ടി (ചരക്ക്, സേവന നികുതി) ഇളവുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നുണ്ടോ എന്നറിയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെ നിരീക്ഷിക്കുന്നു. ചില പ്ലാറ്റ്‌ഫോമുകള്‍ ഇളവുകള്‍ കൈമാറുന്നില്ലെന്ന പരാതിയെത്തുടര്‍ന്നാണിത്.
ഇത്തരം പ്ലാറ്റ്‌ഫോമുകളിലെ വില പരിശോധനകളും അനൗപചാരിക ഓഡിറ്റുകളും റവന്യൂവകുപ്പ് ആരംഭിച്ചിട്ടുണ്ട്. നികുതി ഇളവുകള്‍ ബാധകമാക്കിയോ എന്ന്്ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു. പ്രതിമാസ റിപ്പോര്‍ട്ട് അവര്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്റ് കസ്്റ്റംസിന് കൈമാറും.
വെണ്ണ, എയര്‍ കണ്ടീഷണറുകള്‍, ടെലിവിഷനുകള്‍, മെഡിക്കല്‍ സപ്ലൈസ് എന്നിവയുള്‍പ്പെടെ 54 അവശ്യ വസ്തുക്കളുടെ വിലയിലെ മാറ്റങ്ങള്‍ ട്രാക്ക് ചെയ്യപ്പെടുന്നു.
സെപ്തംബര് 22 ന് പ്രാബല്യത്തില്‍ വന്ന മാറ്റങ്ങള്‍ പ്രകാരം 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ട് ജിഎസ്ടി സ്ലാബുകളാണ് നിലവിലുള്ളത്. 99 ശതമാനം നിത്യോപയോഗ ഇനങ്ങളും 5 ശതമാനത്തിലാണുള്ളത്. ഇത് നേരത്തെ 18 ശതമാനത്തിലായിരുന്നു.
അതേസമയം പല ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും പുതിയ നിരക്കുകള്‍ ഉത്പന്നങ്ങള്‍ക്ക് ബാധകമാക്കിയിട്ടില്ല. ഷാംപൂ, ടൂത്ത് പേസ്റ്റ്, പയര്‍വര്‍ഗ്ഗങ്ങള്‍, ഡയഗ്‌നോസ്റ്റിക് കിറ്റുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ പഴയ വിലയിലാണുള്ളതെന്ന് പരാതിയുണ്ട്. പല പ്ലാറ്റ്‌ഫോമുകളും സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഇത് അംഗീകരിച്ചിട്ടില്ല.