
ന്യൂഡല്‍ഹി: ഇന്ത്യ, അതിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 7.97 ശതമാനം ലോജിസ്റ്റിക്‌സിനായി ചെലവഴിക്കുന്നു. പുതിയതായി ആരംഭിച്ച ശാസ്ത്രീയ ലോജിസ്റ്റിക്‌സ് അളവ് സംവിധാനമാണ് ഇത് കണ്ടെത്തിയത്. ബാഹ്യപഠനങ്ങളുടേയും പൂര്‍ണ്ണമായ ഡാറ്റയുടേയും അടിസ്ഥാനത്തിലാണ്
വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിനായി (DPIIT) നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് (NCAER) സംവിധാനം വികസിപ്പിച്ചത്.
ഇത് പ്രകാരം റോഡ്, റെയില്‍, വ്യോയാനം തുടങ്ങിയ വ്യത്യസ്ത ഗതാഗത രീതികളിലും ഉത്പന്ന, കമ്പനി വിഭാഗങ്ങളിലുമുള്ള ലോജിസ്റ്റ്ക്‌സ് ചെലവുകള്‍ വിശകലനം ചെയ്യപ്പെടും. ഒരു ടണ്‍ ചരക്കിന് ഒരു കിലോമീറ്റര്‍ ചെലവ് എന്ന അടിസ്ഥാന മാതൃകയാണ് പിന്തുടരുക.
കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ചെലവ് കുറയ്ക്കുന്നതിനും മള്‍ട്ടി മോഡല്‍ ഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനും ഇതുവഴി സാധിക്കും.
ലോജിസ്റ്റ്ക്‌സ് ചെലവുകള്‍ ജിഡിപിയുടെ 13 മുതല്‍ 14 ശതമാനം വരെ വരുമെന്നായിരുന്നു ഇതുവരെ കണക്കുകൂട്ടിയിരുന്നത്. ഇത് ആഗോള നിക്ഷേപകരുടേയും നയങ്ങള്‍ രൂപീകരിക്കുന്നവരുടേയും കണക്കുകളുമായി പൊരുത്തപ്പെടുന്നവയായിരുന്നില്ല. എന്നാല്‍ പുതിയ ചട്ടക്കൂട് വിശ്വസനീയവും തെളിവ് അധിഷ്ഠിതവുമായ വിശകലനങ്ങള്‍ നല്‍കുന്നു.
വാണിജ്യ,വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് പുതിയ സംവിധാനം പുറത്തിറക്കിയത്.