
ന്യൂഡല്‍ഹി: 2025-26 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (Q1FY26) കേന്ദ്രസര്‍ക്കാറിന്റെ മൂലധന ചെലവ് (കാപക്‌സ്) 2.75 ട്രില്യണ്‍ രൂപയിലെത്തി. ഇത് ബജറ്റ് എസ്റ്റിമേറ്റിന്റെ 24.5 ശതമാനമാണ്.
തെരഞ്ഞെടുപ്പ് മാതൃകാ ചട്ടം നിലനിന്നതിനാല്‍ മുന്‍വര്‍ഷത്തെ സമാന കാലയളവില്‍ ബജറ്റ് എസ്റ്റിമേറ്റിന്റെ 16.3 ശതമാനം മൂലധന ചെലവ് മാത്രമാണ് നടത്തിയിരുന്നത്. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് (CGA) വ്യാഴാഴ്ച പുറത്തിറക്കിയ ഡാറ്റ വ്യക്തമാക്കുന്നു.
അതേസമയം കഴിഞ്ഞ പാദത്തിലെ നെറ്റ് നികുതി വരുമാനമായ 5.4 ട്രില്യണ്‍ രൂപ ബജറ്റ് എസ്റ്റിമേറ്റിന്റെ 19 ശതമാനം മാത്രമാണ്. 2025 ആദ്യപാദത്തില്‍ നെറ്റ് നികുതി വരുമാനം ബജറ്റ് എസ്റ്റിമേറ്റിന്റെ 21.3 ശതമാനമായിരുന്നു.
മാത്രമല്ല, തെരഞ്ഞെടുപ്പിന് മുന്‍പുള്ള 2024 സാമ്പത്തികവര്‍ഷത്തെ ആദ്യപാദത്തില്‍ ക്യാപക്‌സ് ബജറ്റ് എസ്റ്റിമേറ്റിന്റെ 27 ശതമാനമെത്തിയിരുന്നു. നടപ്പ് വര്‍ഷത്തെ ആദ്യപാദത്തില്‍ ക്യാപക്‌സ് 52 ശതമാനം ഉയര്‍ന്നെങ്കിലും വിനിയോഗം ഒരു ശതമാനം കുറവാണ്.
സംസ്ഥാനങ്ങള്‍ക്കുള്ള വായ്പാ വിതരണം നടപ്പ് സാമ്പത്തികവര്‍ഷത്തെ ആദ്യപാദത്തില്‍ ബജറ്റ് എസ്റ്റിമേറ്റിന്റെ 31 ശതമാനമായി. മുന്‍വര്‍ഷത്തില്‍ 15.6 ശതമാനമായിരുന്ന സ്ഥാനത്താണിത്. മൂലധന നിക്ഷേപത്തില്‍ സര്‍ക്കാര്‍ വേഗത നിലനിര്‍ത്തിയിട്ടുണ്ടെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.
സ്വകാര്യമേഖലയുടെ നിക്ഷേപം പൊതുചെലവിനനുസരിച്ചുയരാത്ത സാഹചര്യത്തിലാണിത്. സുസ്ഥിര സാമ്പത്തിക വളര്‍ച്ചയുടെ പ്രാഥമിക ചാലകമായി നിലവില്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാറിന്റെ ചെലവഴിക്കലുകളാണ്.