
മുംബൈ: ചെറുകാറുകളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കുന്ന കാര്യം പരിഗണനയിലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍.
പ്രധാനമന്ത്രി ഓഗസ്റ്റ് 15 ന് പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്‌ക്കരണത്തിന്റെ ഭാഗമായാണ് നീക്കം. കൂടാതെ ആരോഗ്യ, ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയങ്ങളുടെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്നും 5 ശതമാനമായോ പൂജ്യമായോ കുറയ്ക്കും. ജിഎസ്ടി പരിഷ്‌ക്കരം ദീപാവലിയോടനുബന്ധിച്ച് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
ചെറുകാറുകളുടെ ശ്രേണിയില്‍ മുന്നിട്ടുനില്‍ക്കുന്ന മാരുതിയ്ക്ക് നീക്കം നേട്ടമാകും. പ്രത്യേകിച്ചും കഴിഞ്ഞ 5 വര്‍ഷത്തിനിടെ അവരുടെ വിപണി വിഹിതം 40 ശതമാനം ഇടിഞ്ഞ സാഹചര്യത്തില്‍. ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യയും ടാറ്റ മോട്ടോഴ്‌സും നേട്ടമുണ്ടാക്കും.
28 ശതമാനം ജിഎസ്ടിയും 22 ശതമാനം അധിക ലെവിയും ആകര്‍ഷിക്കുന്ന ഉയര്‍ന്ന എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ നികുതി 40 ശതമാനമായി കുറയാനുള്ള സാധ്യതയുമേറി.
യഥാക്രമം 1200 സിസിയില്‍ താഴെയും 1500 സിസിയില്‍ താഴെയുമുള്ള 4 മീറ്ററില്‍ കൂടാത്ത പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പന കുറച്ച് വര്‍ഷങ്ങളായി മന്ദഗതിയിലാണ്. ഉപഭോക്താക്കള്‍ ഫീച്ചര്‍ സമ്പന്നമായ എസ് യുവികളിലേയ്ക്ക് കൂടുമാറിയതാണ് കാരണം.
ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈല്‍ വിപണിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റഴിക്കപ്പെട്ട 4.3 ദശലക്ഷം പാസഞ്ചര്‍ വാഹനങ്ങളില്‍ മൂന്നിലൊന്ന് ചെറുകാറുകളായിരുന്നു. എന്നാല്‍, കോവിഡിന് മുന്‍പുള്ളതിനേക്കാള്‍ 50 ശതമാനം കുറവാണിത്.