
മുംബൈ: താപവൈദ്യുത നിലയങ്ങള്‍ക്കായി ബാറ്ററി സംഭരണ സംവിധാനങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നു. പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്. ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റങ്ങള്‍ (BESS) പുനരുപയോഗ ഊര്‍ജ്ജം മുഴുവന്‍ സമയവും ലഭ്യമാക്കും. പ്രത്യേകിച്ചും സൗരോര്‍ജ്ജം ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍.
ഈയൊരു ആശയം ആദ്യമായാണ് ലോകത്ത് പരീക്ഷിക്കപ്പെടുന്നതെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. താപവൈദ്യുത നിലയങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്താന്‍ ബിഇഎസ്എസ് എങ്ങനെ സഹായിക്കുമെന്ന് സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി (CEA) പഠിച്ചുകൊണ്ടിരിക്കുകയാണ്.
വൈദ്യുതി നയം രൂപീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് ഉപദേശം നല്‍കുന്ന ഒരു നിയമാനുസൃത സ്ഥാപനമാണ് സിഇഎ. പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസി ലിമിറ്റഡ് പോലുള്ള വൈദ്യുതി ഉല്‍പാദകര്‍ അവരുടെ പ്ലാന്റുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ചതിനെത്തുടര്‍ന്നാണ് താപവൈദ്യുത നിലയങ്ങളിലെ ഊര്‍ജ്ജ സംഭരണ ആവശ്യകത സര്‍ക്കാര്‍ പരിഗണിച്ചത്.
താപവൈദ്യുത നിലയങ്ങള്‍ അവയുടെ പൂര്‍ണ്ണ ശേഷിയിലോ അതിനടുത്തോ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. കുറഞ്ഞ ലോഡുകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍, അവയുടെ കാര്യക്ഷമത കുറയുന്നു. വൈദ്യുതി ഉത്പാദനത്തിന്റെ ഇന്ധനത്തിനായി കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരുന്നു.
പുനരുപയോഗിക്കാവുന്ന പദ്ധതികള്‍ക്കുള്ള ഊര്‍ജ്ജ സംഭരണം ടെന്‍ഡറുകളില്‍ ഉള്‍പ്പെടുത്താന്‍ അതേസമയം സര്‍ക്കാര്‍ ഇതിനകം നീക്കം തുടങ്ങിയിട്ടുണ്ട്. വരാനിരിക്കുന്ന പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ പദ്ധതികള്‍ക്ക് ബാറ്ററി സംഭരണം നിര്‍ബന്ധമായേക്കും.