റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതിയില്‍ ഇയു ഒന്നാം സ്ഥാനത്ത്ഡോളറിനെതിരെ ദുര്‍ബലമായി രൂപനടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.3 ശതമാനമെന്ന് എസ്ബിഐചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 20 ശതമാനം വര്‍ദ്ധിച്ചുസ്വകാര്യ മൂലധന ചെലവില്‍ പുരോഗതി ദൃശ്യമാകുന്നില്ല: എസ്ബിഐ റിപ്പോര്‍ട്ട്

ജിഎസ്ടി പരിഷ്‌ക്കരണത്തിന് ജിഒഎമ്മിന്റെ പച്ചക്കൊടി, വരുമാന നഷ്ട ആശങ്കകള്‍ ഉയര്‍ത്തി സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: ജിഎസ്ടി പരിഷ്‌ക്കരണത്തിന് മന്ത്രിതല സംഘത്തിന്റെ (ജിഒഎം) പച്ചക്കൊടി. ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അധ്യക്ഷനായ മന്ത്രിസഭാ യോഗം 12%, 28% ജിഎസ്ടി സ്ലാബുകള്‍ ഇല്ലാതാക്കാനുള്ള കേന്ദ്രത്തിന്റെ നിര്‍ദ്ദേശം ഏകപക്ഷീയമായി അംഗീകരിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള മൂന്ന് മന്ത്രിമാരും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മൂന്ന് മന്ത്രിമാരുമടങ്ങുന്നതാണ് ജിഒഎം.

സംസ്ഥാന സര്‍ക്കാറുകള്‍ വരുമാന നഷ്ടത്തെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ചിട്ടുണ്ട്. നഷ്ടപരിഹാര സംവിധാനം കാര്യക്ഷമമാക്കിയില്ലെങ്കില്‍ പരിഷ്‌ക്കരണം സംസ്ഥാന ബജറ്റുകളെ ഞെരുക്കുമെന്ന് പശ്ചിമ ബംഗാള്‍ ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ മുന്നറിയിപ്പ് നല്‍കി.

തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടിവിക്രമാര്‍കയും സമാന അഭിപ്രായം പ്രകടിപ്പിക്കുന്നു. എസ്ബിഐ റിപ്പോര്‍ട്ട് പ്രകാരം ജിഎസ്ടി പരിഷ്‌ക്കരണം ഖജനാവിന് 85,000 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടാക്കും.

ജിഎസ്ടി കൗണ്‍സില്‍ വരുമാന നഷ്ടം ചര്‍ച്ച ചെയ്യും
ജിഒഎം അംഗീകാരം ലഭ്യമായതോടെ സര്‍ക്കാര്‍ ശുപാര്‍ശകള്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയാകും. വരുമാന നഷ്ട സാധ്യതകള്‍ യോഗം വിശദമായി പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദീപാവലിയ്ക്ക് മുന്‍പ് പരിഷ്‌ക്കരണം നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ജിഎസ്ടി പരിഷ്‌ക്കരണത്തെ ദീപാവലി സമ്മാനമെന്ന് പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചിരുന്നു.

നിലവിലെ ഘടനയെ ലളിതവത്ക്കരിക്കാനാണ് പരിഷ്‌ക്കരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി മള്‍ട്ടി-സ്ലാബ് ഘടനയെ രണ്ട് -സ്ലാബ് സംവിധാനമാക്കി മാറ്റും. 5 ശതമാനവും 18 ശതമാനവും.

ഇതോടെ നിലവില്‍ 12 ശതമാനം നികുതി വഹിക്കുന്ന ഉത്പന്നങ്ങള്‍ 5 ശതമാനം സ്ലാബിലേയ്ക്കും 28 ശതമാനം നികുതിയുള്ളവ 18 ശതമാനം സ്ലാബിലേയ്ക്കും മാറും. നിത്യോപയോഗ സാധനങ്ങള്‍ മിക്കവാറും 5 ശതമാനം സ്ലാബിലുള്‍പ്പെടുമ്പോള്‍ പുകയില പോലുള്ളവയാണ് 40 ശതമാനം സ്ലാബില്‍ പെടുക.അതേസമയം പുകയിലയ്ക്ക് നിലവിലെ 80 ശതമാനം നികുതി നിലനിര്‍ത്തും.

തൊഴിലധിഷ്ഠിത, കയറ്റുമതി കേന്ദ്രീകൃത മേഖലകളായ ഡയമണ്ട്, അമൂല്യ രത്നങ്ങള്‍ എന്നിവയ്ക്ക് നിലവിലെ ജിഎസ്ടി ബാധകമാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ജിഎസ്ടി പരിഷ്‌ക്കരണം യാഥാര്‍ത്ഥ്യമാകുന്നതോടെ ഉപഭോഗം കുതിച്ചുയരുമെന്നാണ് കരുതപ്പെടുന്നത്.

ഇതോടെ നികുതി കുറയ്ക്കുന്നത് മൂലമുള്ള വരുമാന നഷ്ടം നികത്തപ്പെടും.

നിലവിലെ ജിഎസ്ടി ഘടനയില്‍ 18 ശതമാനം സ്ലാബാണ് വരുമാനത്തിന്റെ 65 ശതമാനവും സംഭാവന ചെയ്യുന്നത്. 28 ശതമാനം വിഭാഗം 11 ശതമാനവും 12 ശതമാനം സ്ലാബ് 5 ശതമാനവും 5 ശതമാനം വിഭാഗം 7 ശതമാനവും സംഭാവന ചെയ്യുന്നു.

പരിഷ്‌ക്കരണം വഴി ഉപഭോഗ വര്‍ധനവും കുറഞ്ഞ പണപ്പെരുപ്പവും കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇതുവഴി വളര്‍ച്ച ഉറപ്പുവരുത്താനാകും.

X
Top