
ന്യൂഡല്‍ഹി: സ്വര്‍ണ്ണവില ആഗോള അനിശ്ചിതത്വത്തിന്റെ സൂചകമായി മാറിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. മുന്‍ദശകങ്ങളില്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷം ഉടലെടുക്കുമ്പോള്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുകയോ താഴുകയോ ചെയ്യുമായിരുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ പ്രധാന അസംസ്‌കൃത വസ്തു ആയതിനാലാണിത്. സ്വര്‍ണ്ണവിലയിലാണ് ഇന്നത് പ്രതിഫലിക്കുന്നത്.
ഇപ്പോള്‍ എണ്ണവില സ്ഥിരമായി. ചരക്കുകളും സേവനങ്ങളും ഉത്പാദിപ്പിക്കാന്‍ കുറഞ്ഞ എണ്ണ മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. ഊര്‍ജ്ജ കാര്യക്ഷമതയിലെ പുരോഗതിയും സൗരോര്‍ജ്ജം, കാറ്റ്, പ്രകൃതി വാതകം തുടങ്ങിയ ബദല്‍ ഊര്‍ജ്ജ സ്രോതസ്സുകളുടെ സ്വാധീനവുമാണ് കാരണം.
അതേസമയം, ഒക്ടോബര്‍ 3 ന് സ്വര്‍ണ്ണത്തിന്റെ സ്‌പോട്ട് വില ഔണ്‍സിന് 3867 യുഎസ് ഡോളറിലെത്തി. തുടര്‍ച്ചയായ ഏഴാമത്തെ ആഴ്ചയാണ് സ്വര്‍ണ്ണവില കൂടുന്നത്. അസ്ഥിരമായ കാലഘട്ടത്തില്‍ സ്വര്‍ണ്ണം സുരക്ഷിത നിക്ഷേപമായി മാറുന്നു. അസ്ഥിരത, ഓഹരികളുടേയും ബോണ്ടുകളുടേയും മൂല്യം കുറയ്ക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.
എന്നാല്‍ സ്വര്‍ണ്ണം മാറ്റ് നിലനിര്‍ത്തുകയോ വര്‍ദ്ധിപ്പിക്കുയോ ചെയ്യുന്നു.
നിരവധി രാജ്യങ്ങള്‍ സാമ്പത്തിക സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്നും മല്‍ഹോത്ര പറഞ്ഞു. വലിയ തോതിലുള്ള കടവും ബജറ്റ് കമ്മിയുമാണ് കാരണം. ഇത് പൊതുചെലവുകള്‍ തടയുന്നു. നിലവിലെ ആഗോള വ്യാപാര നയങ്ങള്‍ സാമ്പത്തികവളര്‍ച്ചയെ ദോഷകരമായി ബാധിക്കും. പ്രത്യേകിച്ചും, അമിത തീരുവ, ഇറക്കുമതി, കയറ്റുമതി പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഘട്ടത്തില്‍.
ആഗോള ഓഹരി വിപണികളുടെ പ്രകടനം അതേസമയം മെച്ചപ്പെട്ടതാണ്. നിക്ഷേപകര്‍ റിസ്‌ക്കുള്ള ഓഹരികളെ ഒഴിവാക്കി മികച്ച, മൂല്യമുള്ള ഓഹരികള്‍ വാങ്ങുന്നതാണ് കാരണം. സാങ്കേതിക വിദ്യ ഓഹരികള്‍ ഉദാഹരണം.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ അതിന്റെ പ്രധാന പലിശ നിരക്ക് 5.5 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ തീരുമാനിച്ചു. ബാങ്കുകള്‍ കേന്ദ്ര ബാങ്കില്‍ നിന്ന് പണം കടം വാങ്ങുന്നതിനുള്ള ചെലവാണ് പലിശ നിരക്ക്. ഇത് സ്ഥിരമായി നിലനിര്‍ത്തുന്നതിലൂടെ, ആര്‍ബിഐ നിഷ്പക്ഷ ധനനയ നിലപാട് പുതുക്കി. ആഗോള സമ്പദ് വ്യവസ്ഥ പ്രതിരോധ ശേഷി കാണിക്കുന്നുണ്ടെങ്കിലും പ്രതീക്ഷകള്‍ അനിശ്ചിതത്വത്തിലാണെന്നും സൂക്ഷ്മ നിരീക്ഷണം അനിവാര്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.