
ന്യൂഡല്‍ഹി: വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് തങ്ങളുടെ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) നവംബര്‍ വരെ മാറ്റിവച്ചു. വിമാന ഇന്ധന (എടിഎഫ്)ത്തിന്റെ പുതിയ വിലനിര്‍ണ്ണയ രീതി നിലവില്‍ വരുന്ന നവംബറില്‍ ഐപിഒ നടപടികള്‍ കമ്പനി പുനരാരംഭിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. 3600 കോടി രൂപയുടെ ഐപിഒയ്ക്കായി കമ്പനി സമര്‍പ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) കാലാവധി ഓഗസ്റ്റ് 26 ന് അവസാനിച്ചിരുന്നു.
അതുകൊണ്ടുതന്നെ ഇനി ഐപിഒ നടത്താന്‍ പുതിയ ഡിആര്‍എച്ച്പി കമ്പനി സമര്‍പ്പിക്കേണ്ടിവരും. സെബി നിയമമനുസരിച്ച്, അനുമതി കിട്ടി 12 മാസത്തിനുള്ളില്‍ ഒരു പബ്ലിക് ഇഷ്യൂ അല്ലെങ്കില്‍ റൈറ്റ്‌സ് ഇഷ്യൂ പൂര്‍ത്തിയാക്കേണ്ടതുണ്ട് എന്നതിനാലാണ് ഇത്. ഇത് നാലാം തവണയാണ് ഗോഫസ്റ്റ് തങ്ങളുടെ ഐപിഒ നടപടികള്‍ മാറ്റിവയ്ക്കുന്നത്.
പ്രമോട്ടര്‍മാരായ വാഡിയകളെ അന്വേഷണത്തിനായി സെബി വിളിച്ചതിനെ തുടര്‍ന്ന് ആദ്യം 2021 ഓഗസ്റ്റിലും ഒമിക്രോണ്‍ പകര്‍ച്ചവ്യാധി കാരണം 2021 ഡിസംബറിലും റഷ്യ-ഉക്രൈയ്ന്‍ യുദ്ധം കാരണം ഫെബ്രുവരിയിലും കമ്പനി ഐപിഒ റദ്ദാക്കിയിരുന്നു. 2,200 കോടി രൂപ കടം കുറക്കുന്നതിനും 1,600 കോടി രൂപ ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കാനുമാണ് ഐപിഒ. കൂടാതെ, മുഴുവന്‍ വിമാനങ്ങളും എയര്‍ബസ് എ 321 നിയോസിലേക്ക് മാറ്റാനും കമ്പനി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
2023-24 വരെ പ്രതിവര്‍ഷം 10 വിമാനങ്ങളും 2023-24 നും 2026-27 നും ഇടയില്‍ 72 വിമാനങ്ങളും ഡെലിവറി നടത്താനാണ് പദ്ധതി. 2022-23 രണ്ടാം പാദത്തോടെ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 5-10 ശതമാനം വരെ ഉയരുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.