
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോഫസ്റ്റിന് ആശ്വാസമായി, 400 കോടി രൂപയുടെ ഇടക്കാല ധനസഹായം. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഡച്ച് ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവ ഉള്‍പ്പെടുന്ന വായ്പാ ദാതാക്കളാണ് വ്യോമയാന കമ്പനിയ്ക്ക് ഫണ്ട് അനുവദിച്ചത്. ബിസിനസ് പ്ലാനിന്റെ അടിസ്ഥാനത്തിലാണ് വായ്പയെന്ന് കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായ ഉന്നത ബാങ്കര്‍ പറഞ്ഞു.
ഇത് ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ എയര്‍ലൈനിനാകും. നിലവില്‍ 400-450 കോടി രൂപയാണ് അനുവദിക്കുന്നത്.പ്രത്യേക ആവശ്യങ്ങള്‍ക്കായി ക്രെഡിറ്റ് വിന്‍ഡോ തുറന്നിരിക്കും.
വായ്പാ ദാതാക്കളുടെ യോഗത്തില്‍ ഗോ ഫസ്റ്റ് അധിക ഫണ്ട് ആവശ്യപ്പെട്ടതായി ഈ ആഴ്ച ആദ്യം റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 4 ബില്യണ്‍ മുതല്‍ 6 ബില്യണ്‍ ഇന്ത്യന്‍ രൂപ വരെ (122 മില്യണ്‍ ഡോളര്‍) അധിക ഫണ്ടുകളാണ് ആവശ്യപ്പെട്ടത്. ജൂലൈ തൊട്ട് പ്രവര്‍ത്തനങ്ങല്‍ പുനരാരംഭിക്കാനാണ് എയര്‍ലൈന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
22 വിമാനങ്ങളുമായി 78 പ്രതിദിന സര്‍വീസുകളായിരിക്കും ആദ്യഘട്ടത്തില്‍ തുടങ്ങുക. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക്, ഡച്ച് ബാങ്ക് എന്നിവയ്ക്ക് മൊത്തം 65.21 ബില്യണ്‍ രൂപ ഗോഫസ്റ്റ് നല്‍കാനുണ്ട്. പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി എഞ്ചിനുകള്‍ വിതരണം ചെയ്യാത്തതിനാല്‍ എയര്‍ലൈന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്ന് സിഇഒ കൗശിക് ഖോന കഴിഞ്ഞ മാസം അറിയിച്ചു.
ഇതോടെയാണ് ഗോ ഫസ്റ്റ് പ്രതിസന്ധിയിലായ കാര്യം സ്ഥിരീകരിക്കപ്പെട്ടത്.നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ (എന്‍സിഎല്‍ടി) സ്വമേധയാ പാപ്പരത്ത പരിഹാര നടപടികള്‍ ആരംഭിക്കാനും കഴിഞ്ഞമാസം ഗോഫസ്റ്റ് തയ്യാറായി.