
ഷെല് കമ്പനികള് വഴി ക്രിപ്റ്റോകറന്സികളാക്കി ഗെയിമിങ് ആപ്പുകള് കോടിക്കണക്കിന് രൂപ ഇന്ത്യക്ക് പുറത്തേക്ക് കടത്തിയതായി റിപ്പോര്ട്ട്. മുംബൈയിലെ ഡയറക്ടറേറ്റ് ജനറല് ഓഫ് ഗുഡ്സ് ആന്ഡ് സര്വീസ് ടാക്സ് ഇന്റലിജന്സ്(ഡി.ജി.ജി.ഐ) നടത്തിയ അന്വേഷണത്തില് സൈപ്രസ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന പരിമാച്ച് ഉള്പ്പെട്ട ശൃംഖലയാണ് അതിന് പിന്നിലെന്ന് കണ്ടെത്തി.
ഗെയ്മിങ് ആപ്പുകളുടെ ഇന്ത്യന്; ഉപയോക്താക്കളില് നിന്ന് 700 കോടി രൂപ ഈ ശൃംഖല സമാഹരിച്ചതായി കണ്ടെത്തി. ഇതില് ഭൂരിഭാഗം തുകയും ക്രിപ്റ്റോകറന്സിയാക്കി മാറ്റിയാണ് വിദേശത്തേക്ക് കടത്തിയത്. മാസങ്ങള് നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇന്റലിജന്സ് വിഭാഗം ഇക്കാര്യം സ്ഥിരീകരിച്ചത്.
ഡല്ഹിയിലെ 50 സ്ഥാപനങ്ങളെയും അവയുമായി ബന്ധപ്പെട്ട വ്യക്തികളെയും കൊല്ക്കത്തയിലെ 350ഓളം പേരെയും ഇതിനായി മാസങ്ങളോളം നിരീക്ഷിച്ചതായി റിപ്പോര്ട്ടില് പറയുന്നു. രാജ്യത്ത് നിയമവിരുദ്ധമായി പ്രവര്ത്തിക്കുന്ന ഇത്തരം ഗെയ്മിങ് കമ്പനികള് അന്താരാഷ്ട്രതലത്തിലുള്ള ഇടപാടുകളിലൂടെയാണ് നിയമനടപടികള് മറികടക്കുന്നത്.
ക്രിപ്റ്റോകറന്സിയിലുള്ള ഇടപാടുകള് സുഗമമാക്കാന് ദുബായ് കേന്ദ്രീകരിച്ചാണ് പ്രവര്ത്തനങ്ങള് നടക്കുന്നത്.
ഔദ്യോഗികമായി നിയമിക്കാത്ത വ്യക്തികളാണ് ജീവനക്കാര്. പ്രതിഫലം ഓണ്ലൈനായി അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്യുന്നു. അജ്ഞാത വ്യക്തികളുമായുള്ള ഇ-മെയില്, ഫോണ് കോള് ബന്ധം മാത്രമാണ് പരിമാച്ചിന് ഇന്ത്യയിലെ ജീവനക്കാരുമായുള്ളതെന്ന് കണ്ടെത്തി.
പരിമാച്ചിന്റെ ഗെയ്മിങ്, വാതുവെപ്പ് സേവനങ്ങള് ഉപയോഗിക്കുന്നവരില് നിന്ന് പണം ശേഖരിക്കാന് സഹായിച്ചിരുന്ന അനധികൃത പണമിടപാട് സ്ഥാപനത്തിന്റെ ഡയറക്ടറെ ഇന്റലിജന്സ് വിഭാഗം അടുത്തയിടെ പിടികൂടിയിരുന്നു.
സമാഹരിക്കുന്ന പണം ഷെല് കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയാണ് ഇയാള് ചെയ്തുകൊണ്ടിരുന്നത്. 400 ലധികം ബാങ്ക് അക്കൗണ്ടുകള് ഇന്റലിജന്സ് വിഭാഗം മരവിപ്പിച്ചതായാണ് റിപ്പോര്ട്ടുകള്.
എന്നാല് അതിനും മുമ്പെ ഭൂരിഭാഗം പണവും ക്രിപ്റ്റോകറന്സിയിലേക്ക് മാറ്റിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുംബൈയിലെ ഒരു ക്രിപ്റ്റോ എക്സ്ചേഞ്ച് നടത്തിപ്പുകാരനെ ഏജന്സി പിടികൂടി ചോദ്യം ചെയ്തിരുന്നു.
ആപ്പ് ഉപയോക്താക്കളില് നിന്ന് 96 കോടി രൂപ സമാഹരിച്ചതായും ആ തുക ക്രിപ്റ്റോകറന്സിയാക്കി മാറ്റിയതായും നടത്തിപ്പുകാരന് വെളിപ്പെടുത്തി. എന്നാല്, ക്രിപ്റ്റോകറന്സി കൈമാറിയ വാലറ്റിലെ സ്വീകര്ത്താവിനെ കണ്ടെത്താന് കഴിയാതിരുന്നതോടെ അന്വേഷണം വഴിമുട്ടി.
അജ്ഞാത വ്യക്തിയില് നിന്ന് ഇ-മെയില്, ഫോണ് കോള് എന്നിവ വഴി ലഭിച്ച നിര്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടപാട് നടത്തിയതെന്ന് നടത്തിപ്പുകാരന് പറയുന്നു.
പണം ക്രിപ്റ്റോയാക്കി വിദേശത്തേക്ക് കൈമാറിയ ഷെല്; കമ്പനികളുടെ വ്യാജ ഡയറക്ടര്മാരെയും ഡി.ജി.ജി.ഐ ചോദ്യം ചെയ്തു. ഇവരില് ഭൂരിഭാഗംപേരും മുംബൈയിലെ ഡ്രൈവര്മാരോ തെരുവ് കച്ചവടക്കാരോ ആയിരുന്നു.
പണം കൈമാറ്റം നടത്തിയ കൊല്ക്കത്തയിലെ ഷെല് കമ്പനികളുടെ അധികൃതരെ കണ്ടെത്താനുമായില്ല. ഇവര് രാജ്യം വിട്ടതായാണ്വിവരം. ഈ പണവും ക്രിപ്റ്റോയാക്കി വിദേശത്തേക്ക് കൈമാറിയതായി കണ്ടെത്തി.
വാലറ്റുകള് വഴിയുള്ള ക്രിപ്റ്റോ ഇടപാടുകള് കണ്ടെത്തുന്നതിന് ഇസ്രായേല് കമ്പനികള് വികസിപ്പിച്ച സോഫ്റ്റ്വെയറുകളുണ്ടെങ്കിലും കൂടുതല് അന്വേഷണത്തിന് അവയൊന്നും പ്രയോജനം ചെയ്തില്ല.






