
ന്യൂഡൽഹി: ഇന്ത്യയിലെ വാഹന വ്യവസായത്തെ ലോകത്തിലെ നമ്പർ വണ്‍ ആക്കുന്നതിനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യയിലെ വാഹന വ്യവസായ മേഖലയ്ക്ക് ശോഭനമായ ഒരു ഭാവിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാഹനങ്ങളുടെ ഉത്പാദനത്തില്‍ നാലാം സ്ഥാനവും വില്‍പ്പനയില്‍ മൂന്നാം സ്ഥാനവുമാണ് നിലവില്‍ ഇന്ത്യയ്ക്കുള്ളത്. ഉത്പാദനത്തില്‍ ചൈന, യുഎസ്, ജപ്പാൻ എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.
രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് 22 ലക്ഷം കോടി രൂപയാണ് വാഹന വ്യവസായത്തിന്റെ സംഭാവന. അതേസമയം, വാഹന വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയുടെ വാഹന വ്യവസായം 78 ലക്ഷം കോടി രൂപ മൂല്യമുള്ളതാണ്. രണ്ടാം സ്ഥാനത്തുള്ള ചൈനയില്‍ ഇത് 47 ലക്ഷം കോടി രൂപയുടെ വ്യവസായമാണ്. 2014-ല്‍ താൻ മന്ത്രിയായി എത്തുമ്പോള്‍ 7.5 ലക്ഷം കോടിയായിരുന്നു ഇന്ത്യയുടെ വാഹന വ്യവസായം. പത്ത് വർഷത്തിനുള്ളില്‍ ഇത് 22 ലക്ഷം കോടിയായി ഉയർന്നുവെന്നാണ് മന്ത്രി അവകാശപ്പെടുന്നത്.
ഇന്ത്യയിലെ വാഹന വ്യവസായ മേഖല 4.5 കോടി തൊഴില്‍ അവസരങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലകളില്‍ ഒന്നാണിത്. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരുകളുടെയും ജിഎസ്ടിയില്‍ ഏറ്റവും ഉയർന്ന സംഭവനയും വാഹന വ്യവസായത്തില്‍ നിന്നായിരിക്കുമെന്നാണ് മന്ത്രി പറയുന്നത്. രാജ്യത്തിന്റെ സുപ്രധാന വരുമാന മാർഗവും തൊഴില്‍ ദാതാക്കളുമാണ് വാഹന മേഖലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഹന വ്യവസായ മേഖലയില്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ക്കൊപ്പം പോരായ്മയും അദ്ദേഹം പരാമർശിക്കുന്നുണ്ട്. രാജ്യത്തെ മലിനീകരണത്തിന്റെ 40 ശതമാനവും വാഹനങ്ങളില്‍ നിന്നുള്ളതാണ്. ഇത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി പരിസ്ഥിതി സൗഹാർദമായ ബദല്‍ ഇന്ധനങ്ങള്‍ വികസിപ്പിക്കുന്ന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാരിന്റെ നീക്കമെന്നും മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.