
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് പെട്രോള്‍, ഡീസല്‍, എല്‍.പി.ജി എന്നിവയുടെ ആവശ്യത്തിന് മതിയായ സ്റ്റോക്ക് ഉണ്ടെന്നും ഒരിടത്തും ഇന്ധനക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ എല്ലാ റിഫൈനറികളും പൂര്‍ണ്ണ ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പെട്രോള്‍ പമ്പുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ അറിയിച്ചു. പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (PNG), സി.എന്‍.ജി വിതരണം 100 ശതമാനവും തടസമില്ലാതെ തുടരുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
.പൂഴ്ത്തിവെപ്പിനെതിരെ കര്‍ശന നടപടി, പി.എന്‍.ജിയിലേക്ക് മാറാന്‍ പ്രോത്സാഹനം
വിതരണ ശൃംഖലയിലെ തടസങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരന്നതോടെ ഉപഭോക്താക്കള്‍ക്കിടയില്‍ ഉണ്ടായ പാനിക് ബുക്കിംഗ് (Panic booking) ആണ് ചിലയിടങ്ങളില്‍ തിരക്ക് വര്‍ധിപ്പിച്ചത്.
ഇത് മുതലെടുത്ത് നടക്കുന്ന പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം രാജ്യത്തെ 1,100-ഓളം എല്‍.പി.ജി വിതരണ കേന്ദ്രങ്ങളില്‍ എണ്ണക്കമ്പനികള്‍ മിന്നല്‍ പരിശോധന നടത്തി.
എല്‍.പി.ജി വിതരണത്തിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി പി.എന്‍.ജി സൗകര്യമുള്ള ഉപഭോക്താക്കള്‍ എല്‍.പി.ജി കണക്ഷന്‍ സ്വമേധയാ സറണ്ടര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. ഇതിനായി ഗ്യാസ് വിതരണ കമ്പനികള്‍ പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
ആശങ്കകള്‍ക്ക് സ്ഥാനമില്ലെന്നും പാനിക് ബുക്കിംഗ് നടത്തി വിപണിയില്‍ അനാവശ്യ സമ്മര്‍ദ്ദം ഉണ്ടാക്കരുതെന്നും അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.
കടല്‍മാര്‍ഗമുള്ള ഇന്ധന വിതരണത്തിന് തടസമില്ലെന്ന് ഷിപ്പിംഗ് മന്ത്രാലയവും വ്യക്തമാക്കി.





