1,337 റെയിൽവേ സ്റ്റേഷനുകളുടെ മുഖം മാറും; ഈ വർഷം നൂറിലധികം പൂർത്തിയാകുംഹോർമുസ് അടച്ചത് യുഎസ്, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയ്ക്കു മാത്രമെന്ന് ഇറാൻഇന്ധനവില, രൂപയുടെ മൂല്യശോഷണം: ഇന്ത്യൻ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിൽഡിഎ കുടിശ്ശിക എട്ടു ഗഡുക്കളായി പിഎഫിലേക്ക്മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചു

ഇന്ധനവില, രൂപയുടെ മൂല്യശോഷണം: ഇന്ത്യൻ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിൽ

മുംബൈ: ഇന്ധനവിലയിലെ വർധനയും രൂപയുടെ മൂല്യശോഷണവും ഇന്ത്യൻ വ്യോമയാനമേഖലയെ പ്രതിസന്ധിയിലാക്കുന്നു. പശ്ചിമേഷ്യൻ സംഘർഷം വിദേശത്തേക്കുള്ള വിമാനസർവീസുകൾ വലിയ അളവിൽ റദ്ദാക്കുന്നതിനും കാരണമാകുന്നുണ്ട്.

അറ്റകുറ്റപ്പണികൾക്കായി വിമാനം നിലത്തിറക്കേണ്ടിവരുന്നത് കമ്പനികൾക്ക് കടുത്ത വെല്ലുവിളിയാണ്. ഓപ്പറേഷൻ സിന്ദൂറിനുശേഷം ഗൾഫ് മേഖലയിലേക്കുൾപ്പെടെ പാകിസ്താനു മുകളിലൂടെയുള്ള വ്യോമപാത ഉപയോഗിക്കുന്നതിൽനിന്ന് ഇന്ത്യൻ വിമാനക്കമ്പനികൾക്കു വിലക്കുണ്ട്.

ഇത് ദൈർഘ്യംകൂടിയ, പശ്ചിമേഷ്യക്കു മുകളിലൂടെയുള്ള പാത തിരഞ്ഞെടുക്കാൻ ഇന്ത്യൻ കമ്പനികളെ നിർബന്ധിതമാക്കി. ഇതിനിടയിലാണ് പശ്ചിമേഷ്യൻ സംഘർഷം പുതിയ വെല്ലുവിളിയായി മാറിയിരിക്കുന്നത്. കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കാനും ഇതു കാരണമാകുന്നുണ്ട്.

വിമാനക്കമ്പനികളുടെ ഏറ്റവുംവലിയ ചെലവ് ഇന്ധനത്തിന്റേതാണ്. മൊത്തം പ്രവർത്തനച്ചെലവിന്റെ 30 മുതൽ 40 ശതമാനം വരെ വരുമിത്. ഫെബ്രുവരിയിൽ അവസാനിച്ച 11 മാസക്കാലയളവിൽ വ്യോമയാന ഇന്ധനത്തിന്റെ ശരാശരി വില കിലോ ലിറ്ററിന് 91,173 രൂപയാണ്.

അസംസ്കൃത എണ്ണവില ഉയർന്നതോടെ മാർച്ചിൽ വില കിലോലിറ്ററിന് 96,638 ആയി ഉയർന്നു. ഫെബ്രുവരിയിലേക്കാൾ ആറുശതമാനം വരെയാണ് വർധന. കോവിഡിനു മുൻപ് 2019- 20 സാമ്പത്തികവർഷം കിലോലിറ്ററിന് ശരാശരി 64,715 രൂപയായിരുന്നു വില. ഇന്ധനച്ചെലവിലെ ഈ ഏറ്റക്കുറച്ചിലുകൾ വ്യോമയാനമേഖലയിൽ വലിയപ്രതിസന്ധി സൃഷ്ടിക്കുന്നതായി കമ്പനികൾ പറയുന്നു.

ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യശോഷണം കൂടുതൽ ബാധ്യത സൃഷ്ടിക്കുന്നതാണ് മറ്റൊരു പ്രശ്നം. 2025-26 സാമ്പത്തികവർഷം ഒൻപതു ശതമാനത്തിനടുത്താണ് രൂപയുടെ മൂല്യശോഷണം.

നഷ്ടത്തിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ലാഭത്തിൽ ഇത് വലിയ കുറവുണ്ടാക്കുന്നു. വിമാനങ്ങളുടെ വാടക, എൻജിൻ അറ്റകുറ്റപ്പണിച്ചെലവ്, ഘടകങ്ങളുടെ വില എന്നിങ്ങനെ കമ്പനികളുടെ ചെലവിൽ വലിയൊരു ഭാഗം ഡോളർ കറൻസിയിലാണ് വരുന്നത്. ഇതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

അന്താരാഷ്ട്ര സർവീസുകൾ വഴി ഇന്ത്യൻ കമ്പനികൾക്ക് വിദേശ കറൻസിയിൽ വരുമാനമുണ്ട്. എന്നാൽ അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് അടിക്കടി സർവീസ് റദ്ദാക്കേണ്ടി വരുന്നത് വരുമാനത്തെ ബാധിക്കുന്നു. സർവീസ് റദ്ദാക്കുന്നത് നേരിട്ട് വരുമാനത്തെ ബാധിക്കുന്നതാണ്.

വ്യോമപാതകളിലെ തടസ്സത്താൽ റൂട്ട് തിരിച്ചുവിടേണ്ടി വരുന്നത് ഇന്ധനച്ചെലവും കൂട്ടുമെന്ന പ്രതിസന്ധിയുമുണ്ട്. ഇതെല്ലാം ചേർന്ന് കടുത്ത സമ്മർദത്തിലൂടെയാണ് വ്യോമയാന കമ്പനികൾ നീങ്ങുന്നത്. സമീപഭാവിയിൽ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരാൻ ഇതെല്ലാം കാരണമായേക്കാമെന്ന് വിവിധ അനലിസ്റ്റ് ഏജൻസികൾ സൂചന നൽകുന്നു.

X
Top