
ഇനി മുതൽ ഇന്ത്യൻ ഫോൺ നമ്പറുകളിൽ നിന്ന് വിളിക്കുന്ന എല്ലാവരുടെയും കെ.വൈ.സി. രജിസ്റ്റർ ചെയ്ത പേര് കോൾ സ്വീകരിക്കുന്നവരുടെ ഫോൺ സ്ക്രീനിൽ തെളിയും. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഈ സംവിധാനം നടപ്പിലാക്കാൻ ടെലികമ്യൂണിക്കേഷൻ വകുപ്പ് ടെലികോം ഓപ്പറേറ്റർമാർക്ക് നിർദ്ദേശം നൽകും. നിലവിൽ ഹരിയാനയിൽ ഇത് സംബന്ധിച്ച പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്.
കോളർ നെയിം പ്രസന്റേഷൻ (CNAP) എന്നറിയപ്പെടുന്ന ഈ ഫീച്ചർ, നിലവിൽ റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ ടെലികോം ഓപ്പറേറ്റർമാർ ചില കോളുകളെ ‘suspected’ ‘suspicious’ എന്ന് അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന അതേ സാങ്കേതികവിദ്യ തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാൽ, ഈ പുതിയ സംവിധാനത്തിൽ സംശയം സൂചിപ്പിക്കുന്ന വാക്കുകൾക്ക് പകരം, കോൾ ചെയ്യുന്നയാളുടെ കെ.വൈ.സി. രജിസ്റ്റർ ചെയ്ത പേരാകും കോളർ ഐ.ഡി. ആയി പ്രദർശിപ്പിക്കുക.
തട്ടിപ്പുകൾക്കും സ്‌പാം കോളുകൾക്കും എതിരെ പോരാടുന്നതിൻ്റെ ഭാഗമായി 2022 മുതൽ ഈ നീക്കം പരിഗണനയിലുണ്ട്. ഈ സംവിധാനം നിലവിൽ വരുന്നതോടെ ഉപയോക്താക്കൾക്ക് കോളിന് മറുപടി നൽകുന്നതിന് മുൻപ് തന്നെ ആരാണ് വിളിക്കുന്നതെന്ന് സ്ക്രീനിൽ കണ്ട് മനസ്സിലാക്കാൻ സാധിക്കും. ഖത്തർ പോലുള്ള രാജ്യങ്ങൾ കോളർ നെയിം പ്രസന്റേഷൻ നടപ്പാക്കിയിട്ടുണ്ടെങ്കിലും, അവിടങ്ങളിൽ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് മാത്രമാണ് ഈ സൗകര്യം നിലവിലുള്ളത്.
നിലവിലുള്ള സ്വകാര്യ ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി, കോളർ നെയിം പ്രസന്റേഷൻ സംവിധാനം ഉപയോക്താക്കൾ നൽകിയ കെ.വൈ.സി. വിവരങ്ങളിൽ നിന്ന് നേരിട്ടാണ് ഡാറ്റ എടുക്കുന്നത്. അതായത്, ഉദ്യോഗസ്ഥർ കോളർമാരുടെ പേരുകൾ പരിശോധിച്ച് അവരുടെ ഔദ്യോഗിക തിരിച്ചറിയൽ രേഖകളുമായി ബന്ധിപ്പിക്കും.
ഇത് വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ കോളർ വിവരങ്ങൾ നൽകാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കും. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ, ഐഡന്റിറ്റി തട്ടിപ്പുകൾ, ഫോൺ വഴിയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിൽ CNAP സംവിധാനത്തിന് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.






