
മുംബൈ: നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസം പിന്നിടുമ്പോൾ വിദേശ നിക്ഷേപകർ ആഭ്യന്തര വിപണിയിൽ 8,767 കോടി രൂപയുടെ നിക്ഷേപം നടത്തി.
കഴിഞ്ഞ സാമ്പത്തിക വർഷം തുടർച്ചയായി നിക്ഷേപം പിൻവലിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. യുഎസ് ഫെഡിന്റെ കർശനമായ പണനയം മൂലം മുന്നോട്ടേക്ക് എഫ് പി ഐകളുടെ സമീപനം അസ്ഥിരമായേക്കാമെന്ന് കൊട്ടക് സെക്യുരിറ്റീസ് ലിമിറ്റഡിന്റെ റീസേർച്ച് ഹെഡ് ശ്രീകാന്ത് ചൗഹാൻ അഭിപ്രായപ്പെട്ടു.
യു എസ് സാമ്പത്തിക സ്ഥിതി കൂടുതൽ സ്ഥിരമാകുന്നതിനു വരുന്ന യോഗത്തിൽ യു എസ് ഫെഡ് 25 ബേസിസ് പോയിന്റ് നിരക്കുയർത്തിയേക്കുമെന്ന സൂചനകൾ ഫെഡ് നൽകിയിരുന്നു.
ഏപ്രിൽ 3 മുതൽ 13 വരെയുള്ള കാലയളവിൽ വിദേശ നിക്ഷേപകർ 8767 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. അദാനി ഗ്രൂപ്പിൽ യു എസ് ആസ്ഥാനമായുള്ള ജിക്യുജി പാർട്നെഴ്‌സ് നിക്ഷേപം നടത്തിയതിനു പിന്നാലെ മാർച്ചിൽ എഫ്പിഐ നിക്ഷേപത്തിൽ നേരിയ വർധനവുണ്ടായിരുന്നു. മാർച്ചിൽ 7,936 കോടി രൂപയുടെ നിക്ഷേപമാണ് റിപ്പോർട്ട് ചെയ്തത്.
വളർന്നു വരുന്ന വിപണികളിൽ ഇന്ത്യൻ വിപണി വിദേശ നിക്ഷേപകരുടെ മികച്ച നിക്ഷേപ കേന്ദ്രമായി മാറുന്നുവെന്ന് ജിയോ ജിത്ത് ഫിനാൻഷ്യൽ സർവീസസിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ അഭിപ്രായപ്പെട്ടു.
2022 കലണ്ടർ വർഷം കണക്കിലെടുക്കുമ്പോൾ വിദേശ നിക്ഷേപകർ 1.22 ലക്ഷം കോടി രൂപയാണ് ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിച്ചത്.
എങ്കിലും മറ്റുള്ള വികസ്വര വിപണികളെ വച്ച് നോക്കുമ്പോൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥ സ്ഥിരമാണ്. അതിനാൽ ഇടത്തരം, ദീർഘ കാലത്തേക്ക് മികച്ച വരുമാനം നൽകുന്നതിനുള്ള ശേഷി ഇന്ത്യൻ വിപണിക്കുണ്ടെന്ന് അനലിസ്റ്റുകൾ കണക്കാക്കുന്നു.
കഴിഞ്ഞ 10 ദിവസങ്ങളിൽ തുടർച്ചയായി എഫ് പി ഐ ആഭ്യന്തര വിപണിയിൽ നിക്ഷേപം തുടരുന്ന കാഴ്ചയാണ് ഉള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 37631 കോടി രൂപയാണ് എഫ് പി ഐകൾ പിൻവലിച്ചത്. 2020-21 സാമ്പത്തിക വർഷത്തിൽ 2.7 ലക്ഷം കോടി രൂപ നിക്ഷേപം നടത്തിയിരുന്നു.
ക്യാപിറ്റൽ ഗുഡ്സ്, നിർമാണ, എഫ് എം സി ജി മേഖലകളിലാണ് പ്രധാനമായും എഫ് പിഐ നിക്ഷേപം നടന്നിട്ടുള്ളത്. എന്നാൽ ഐ ടി, ഓയിൽ, ഗ്യാസ് എന്നി മേഖലകളിൽ വിറ്റഴിച്ചിരുന്നു.
ടി സി എസ്, ഇൻഫോസിസ് എന്നി കമ്പനികളുടെ നാലാം പാദ ഫലങ്ങൾ പ്രതീക്ഷക്കൊത്ത് ഉയരതത്തിനാൽ തുടർന്ന് ഈ മേഖലയിൽ വിറ്റഴിക്കാനുള്ള സാധ്യതയാണ് ഉള്ളത്.
ധനകാര്യ, നിർമാണ, ക്യാപിറ്റൽ ഗുഡ്സ് വിഭാഗത്തിൽ കൂടുതൽ നിക്ഷേപം പ്രതീക്ഷിക്കുന്നുണ്ട്.