
ന്യൂഡല്‍ഹി: ആഭ്യന്തര ഇക്വിറ്റികളിലെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപത്തിന്റെ (എഫ്പിഐ) മൂല്യം 2022 ഡിസംബര്‍ അവസാനത്തില്‍ 584 ബില്യണ്‍ യുഎസ് ഡോളറിലെത്തി.
ഇന്ത്യന്‍ ഓഹരികള്‍ നല്‍കിയ കുറഞ്ഞ വരുമാനവും ആഭ്യന്തര ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ പണത്തിന്റെ ഒഴുക്കുമാണ് മൂല്യം കുറയാന്‍ കാരണം. മോണിംഗ്സ്റ്റാര്‍ റിപ്പോര്‍ട്ട് അനുസരിച്ചുള്ള കണക്കുകളാണ് ഇത്.
റിപ്പോര്‍ട്ട് അനുസരിച്ച്, 2022 ഡിസംബറിലെ എഫ്പിഐ നിക്ഷേപത്തിന്റെ മൂല്യം 584 ബില്യണ്‍ ഡോളറായാണ് കുറഞ്ഞത്. 2021 ഡിസംബര്‍ അവസാനത്തില്‍ ഇത് 654 ബില്യണ്‍ ഡോളറായിരുന്നു. 2022 സെപ്റ്റംബറില്‍ അവസാനിച്ച മൂന്ന് മാസങ്ങളില്‍ എഫ്പിഐ നിക്ഷേപ മൂല്യം 566 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 3 ശതമാനം വര്‍ധിച്ചിരുന്നു.
എഫ്്പിഐ നിക്ഷേപ മൂല്യം വര്‍ദ്ധന രേഖപ്പെടുത്തുന്ന തുടര്‍ച്ചയായ രണ്ടാം പാദം കൂടിയായിരുന്നു അത്. ഇതോടെ എഫ്പിഐകളുടെ സംഭാവനയും 2022 സെപ്തംബര്‍ പാദത്തില്‍ 17.12 ശതമാനത്തിലെത്തി.
എന്നാല്‍ 2020-ലും 2021-ലും ശക്തമായ വളര്‍ച്ച രേഖപ്പെടുത്തിയ ശേഷം, ആഗോള ഇക്വിറ്റി വിപണികള്‍ 2022-ല്‍ പ്രക്ഷുബ്ധമായ ഒരു ഘട്ടത്തിലൂടെ കടന്നുപോയി.
വാസ്തവത്തില്‍, അന്താരാഷ്ട്ര വിപണികളെ ഭാരപ്പെടുത്തുന്ന ഒന്നിലധികം വെല്ലുവിളികള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചു. ഇതിന്റെ പ്രതിഫലനം ഇന്ത്യന്‍ ഇക്വിറ്റി വിപണികളിലും അനുഭവപ്പെട്ടു. എങ്കിലും ഇന്ത്യന്‍ ഓഹരിവിപണികള്‍ ഇപ്പോഴും ലോകത്തിലെ മികച്ച പ്രകടനം നടത്തുന്ന വിപണികളില്‍ ഒന്നാണ്.
മാത്രമല്ല പോസിറ്റീവ് റിട്ടേണ്‍ നല്‍കുന്ന ചുരുക്കം ചില ഇടങ്ങളില്‍ ഒന്ന്. കഴിഞ്ഞ വര്‍ഷത്തില്‍, എസ് ആന്റ് പി ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 4.44 ശതമാനം വരുമാനം നേടി. അതേസമയം അതിന്റെ മിഡ്-ക്യാപ് സൂചിക എസ് ആന്റ് പി ബിഎസ്ഇ മിഡ്ക്യാപ് 1.38 ശതമാനം നേട്ടത്തോടെ വര്‍ഷം അവസാനിപ്പിച്ചു.
എസ് ആന്റ് പി ബിഎസ്ഇ സ്‌മോള്‍ ക്യാപ് ഇന്‍ഡക്സ് 1.8 ശതമാനം റിട്ടേണാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. അതേസമയം 2022 ല്‍ എഫ്പിഐ കനത്ത വില്‍പന നടത്തി.
16.5 ബില്യണ്‍ യുഎസ് ഡോളറാ(ഏകദേശം 1.21 ലക്ഷം കോടി രൂപ) ണ് ആ വര്‍ഷം പിന്‍വലിക്കപ്പട്ടത്. 2023 ലും സമാന സ്ഥിതി തുടരുകയാണ്.
ഈ വര്‍ഷം ഇതിനോടകം 4.7 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റഴിക്കാന്‍ എഫ്പിഐ (ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വസ്‌റ്റേഴ്‌സ്) തയ്യാറായിട്ടുണ്ട്.