
കൊച്ചി: ദീർഘവീക്ഷണത്തോടെയാകണം സംരംഭങ്ങൾ തുടങ്ങാനെന്ന് വ്യവസായിയും ജി.കെ. ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറുമായ ജോർജ് ആൻറണി. സ്ഥാപനങ്ങളുടെ വളർച്ച മാത്രമല്ല, ഇതിനിടെയുണ്ടായിട്ടുള്ള കോട്ടങ്ങളും പ്രത്യേകം പരിശോധിക്കണം. തെറ്റ് തിരുത്തി മുന്നോട്ടുപോയാൽ സ്ഥാപനങ്ങൾക്ക് വളർച്ചയുണ്ടാകും. തൻ്റെ സംരഭകത്വത്തിൻ്റെ കഥയും അദ്ദേഹം വിശദീകരിച്ചു.
അവിൽ നിർമ്മാണ യൂണിറ്റായിരുന്നു ആദ്യ സംരംഭം. പിന്നീട് ക്രഷർ മേഖലയിലേക്ക് തിരിഞ്ഞു. എം സാന്റ് നിർമിച്ച് വിപണയിലിറക്കി. 600ഡി മുതൽ 900 ഡി വരെയുള്ള കമ്പി നിർമ്മിച്ച് നൽകാൻ തന്റെ ഇരുമ്പുരുക്ക് കമ്പനിയായ മാസ്കോമിന് ഇന്ന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം മുതൽ കാസർകോട് വരെ ആറുവരിപ്പാത നിർമിക്കുന്നതിനുള്ള ആശയവും അദ്ദേഹം പങ്കുവെച്ചു. പാതക്ക് മുകളിൽ നാലുവരി ഫ്ലൈ ഓവറും അതിന്‍റെ മുകളിലായി ഫ്ളൈ ഓവർ റെയിൽവേ ലൈനും നിർമിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ നിർദേശം.
നാലുവരി ഫ്ലൈഓവറിൽ ആവശ്യമായ ഇടവേളകളിൽ ലാൻഡിങുകൾ നിർമിക്കണം. അതിലൂടെ വാഹനങ്ങൾക്ക് കുറുകെ കടക്കാതെയും, ഹൈവേയിലെ വാഹന ഒഴുക്ക് തടയാതെയും കയറാനും ഇറങ്ങാനും കഴിയും. അതിന് മുകളിൽ സ്ഥാപിക്കുന്ന അതിവേഗ റെയിലിലൂടെ രണ്ടര മണിക്കൂർ കൊണ്ട് ആളുകൾക്ക് തിരുവനന്തപുരത്ത് നിന്നും കാസർകോട് വരെ സഞ്ചരിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്സ് ക്ലബ്ബ് പ്രസിഡൻറ് എം.ആര്‍. ഹരികുമാര്‍, സെക്രട്ടറി എം. സൂഫി മുഹമ്മദ് എന്നിവർ പങ്കെടുത്തു.






