
ന്യൂഡൽഹി: നികുതിവെട്ടിപ്പ് തടയുന്നതിനായി, സംശയകരമായ സാമ്പത്തികഇടപാടുകളുടെ വിവരങ്ങൾ ധനമന്ത്രാലയത്തിനു കീഴിലുള്ള ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് (എഫ്ഐയു) ജിഎസ്ടി ശൃംഖലയുമായി (ജിഎസ്ടിഎൻ) പങ്കുവയ്ക്കുമെന്ന് കേന്ദ്രം ലോക്സഭയിൽ.
വൻ തുക ഉൾപ്പെട്ടതും സംശയകരവുമായ ഇടപാടുകളുടെ വിവരങ്ങൾ കൈമാറുന്നതിനാണ് അടുത്തയിടയ്ക്ക് വിജ്ഞാപനമിറക്കിയതെന്ന് ധന സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി.
ഈ വിജ്ഞാപനത്തെച്ചൊല്ലി രാഷ്ട്രീയവിവാദങ്ങളും ഉടലെടുത്തിരുന്നു.ജിഎസ്ടി ശൃംഖലയെ പിഎംഎൽഎ (കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം) പരിധിയിൽ ഉൾപ്പെടുത്താൻ ആലോചനയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജിഎസ്ടി ശൃംഖലയിലുള്ള വിവരങ്ങൾ കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കാര്യങ്ങൾക്ക് പങ്കുവയ്ക്കാമെന്ന വ്യവസ്ഥയില്ലെന്ന് കേന്ദ്രം മുൻപ് വ്യക്തമാക്കിയിരുന്നു.






