
ന്യൂഡല്‍ഹി: യുഎസ് ഇന്ത്യയ്‌ക്കെതിരെ അധിക തീരുവ ചുമത്തുന്ന സാഹചര്യത്തിലും രാജ്യത്തിന്റെ സോവറിന്‍ റേറ്റിംഗ് ബിബിബി മൈനസില്‍ നിലനിര്‍ത്തിയിരിക്കയാണ് ഫിച്ച്. ധനക്കമ്മിയും കടബാധ്യതയും ഇപ്പോഴും ഉയര്‍ന്ന നിലയിലാണെന്ന് ഏജന്‍സി ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാറിന്റെ കടബാധ്യതയായ 80.9 ശതമാനം ബിബിബി ശരാശരിയേക്കാള്‍ കൂടുതലാണ്. മാത്രമല്ല, 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 81.5 ശതമാനമായി ഉയരാന്‍ സാധ്യതയുണ്ട്. അതേസമയം യുഎസ് താരിഫുകളുടെ പശ്ചാത്തലത്തിലും സമ്പദ് വ്യവസ്ഥ നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 6.5 ശതമാനം വളര്‍ച്ച കൈവരിക്കും.
താരിഫുകള്‍ മിതമായ അപകടസാധ്യത ഉയര്‍ത്തുന്നുണ്ടെങ്കിലും ആഭ്യന്തര ആവശ്യകത ഉയര്‍ന്നിരിക്കുന്നു. സര്‍ക്കാര്‍ മൂലധന ചെലവും സ്വകാര്യ ഉപഭോഗവും കാരണമാണിത്. കൂടാതെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്‌ക്കരണം തീരുവയുണ്ടാക്കുന്ന നഷ്ടങ്ങള്‍ ഒരു പരിധിവരെ നികത്തും.
മറ്റ് ഏഷ്യന്‍ രാജ്യങ്ങളേക്കാള്‍ താരിഫ് ചുമത്തപ്പെട്ടതിനാല്‍ ബിസിനസ്, നിക്ഷേപ സാധ്യതകള്‍ മങ്ങാന്‍ സാധ്യതയുണ്ട്. ചൈനയുമായുള്ള വ്യാപാര ബന്ധം പുന: സ്ഥാപിക്കുന്നതിലൂടെ ഒരു പരിധി മാത്രമേ ഇതിന് പരിഹാരമാകൂ. നേരത്തെ എസ്ആന്റ്പി ഗ്ലോബല്‍ ഇന്ത്യയുടെ റേറ്റിംഗ് ബിബിബി മൈനസില്‍ നിന്നും ബിബിബി ആയി വര്‍ദ്ധിപ്പിച്ചിരുന്നു.
അതേസമയം മൂഡീസ് ബിഎഎ3 യില്‍ നിലനിര്‍ത്തി. 18 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് എസ്ആന്റ്പി ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തുന്നത്.