
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദി – ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് കൂടിക്കാഴ്ച ഇന്ത്യ-ചൈന കമ്പനിതല ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. സംയുക്ത ഇലക്ട്രോണിക്സ് സംരഭങ്ങളും സാങ്കേതിക പങ്കാളിത്തവും ലക്ഷ്യംവച്ചാണിത്. ചൈനയില്‍ നടന്ന എസ്സിഒ ഉച്ചകോടിയിലാണ് ഇരു രാഷ്ട്രതലവന്മാരും ആശയവിനിമയം നടത്തിയത്.
ഡിക്‌സണ്‍ ടെക്‌നോളജീസ്
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് കരാര്‍ നിര്‍മ്മാതാക്കളായ ഡിക്സണ്‍ ടെക്നോളജീസും ചോങ്കിംഗ് യുഹായ് പ്രിസിഷന്‍ മാനുഫാക്ചറിംഗും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ലാപ്ടോപ്പ് എന്‍ക്ലോഷറുകളും മറ്റ് പ്രിസിഷന്‍ ഘടകങ്ങളും നിര്‍മ്മിക്കുന്ന ഒരു സംയുക്ത സംരഭമാണ് ലക്ഷ്യം.
ലോംഗ്ചീറുമായുള്ള സംയുക്ത സംരഭത്തിന് (ജെവി)ഡിക്സണ് ഇതിനോടകം അനുമതി ലഭ്യമായി. ഇതില്‍ കമ്പനിയ്ക്ക് 74 ശതമാനം പങ്കാളിത്തമാണുണ്ടാകുക. കൂടാതെ എച്ച്കെസി, വിവോ എന്നിവയുമായി ജെവി രൂപീകരിക്കാന്‍ ഇവര്‍ അപേക്ഷ സമര്‍പ്പിച്ചു.
ഹയര്‍ കമ്പനി
ചൈനീസ് ഉപകരണനിര്‍മ്മാതാക്കാളായ ഹെയറും ഇന്ത്യന്‍ സംരഭകരെ തേടുന്നു. ഇന്ത്യന്‍ വിഭാഗത്തിന്റെ 48 ശതമാനം ഓഹരികള്‍ വില്‍ക്കുന്ന കമ്പനി, 50 ശതമാനം ഓഹരികള്‍ കൈവശം വയ്ക്കുകയും 2 ശതമാനം ജീവനക്കാര്‍ക്ക് നീക്കിവയ്ക്കുകയും ചെയ്യും.സുനില്‍ മിത്തല്‍ ഈ പ്രൊജക്ടില്‍ താല്‍പര്യമറിയിച്ചിട്ടുണ്ട്.
മൈക്രോമാക്‌സ്
മൈക്രോമാക്‌സിന്റെ ഇലക്ട്രോണിക്‌സ് മാനുഫാക്ച്വറിംഗ് സര്‍വീസസ് (എഎംഎസ്) വിഭാഗമായ ഭഗ്വതി പ്രൊഡക്ട്‌സ് ചെനീസ് ഒറിജിനല്‍ ഡിസൈന്‍ മാനുഫാക്ച്വറര്‍ (ഒഡിഎം)ഹുവാക്വിനുമായി ചേര്‍ന്ന് നോയ്ഡയില്‍ രണ്ട് പുതിയ ഫാക്ടറികള്‍ സ്ഥാപിക്കും.
സ്മാര്‍ട്ട്ഫോണുകള്‍, ടാബ്ലെറ്റുകള്‍, സെര്‍വറുകള്‍, ഐഒടി ഉപകരണങ്ങള്‍ എന്നിവ കൂട്ടിച്ചേര്‍ക്കുകയും ഡിസ്പ്ലേകള്‍, മെക്കാനിക്‌സ് തുടങ്ങിയ പ്രധാന ഇലക്ട്രോണിക്‌സ് ഘടകങ്ങള്‍ നിര്‍മ്മിക്കുകയുമാണ് ലക്ഷ്യം. ഇത് കമ്പനിയുടെ മൂല്യവര്‍ദ്ധനവിലേക്കുള്ള മാറ്റത്തെ സൂചിപ്പിക്കുന്നു.
ഓപ്പോ, വിവോ, വണ്‍പ്ലസ്, റിയല്‍മി, ഐക്യുഒഒ, മോട്ടറോള, ഏസര്‍, ലെനോവോ എന്നിവയുള്‍പ്പെടെയുള്ള മുന്‍നിര സ്മാര്‍ട്ട്ഫോണ്‍, ടാബ്ലെറ്റ് ബ്രാന്‍ഡുകള്‍ക്കുള്ള ഉപകരണങ്ങളാണ് ഫാക്ടറി നിര്‍മ്മിക്കുന്നത്. ഹുവാക്വിന്‍ ബ്രാന്‍ഡുകള്‍ക്കായി ലൈനുകള്‍ സ്ഥാപിക്കും.
ആഗോള വിതരണ ശൃംഖലയില്‍ ചൈനയുടെ പങ്ക് ഇന്ത്യയ്ക്ക് അവഗണിക്കാന്‍ കഴിയില്ലെന്ന് ഭഗ് വതി സഹ സ്ഥാപകന്‍ രാഹുല്‍ ശര്‍മ്മ പറഞ്ഞു.
ഇലക്ട്രോണിക്സ് നിര്‍മ്മാണത്തിലെ തിരഞ്ഞെടുത്ത ചൈനീസ് നിക്ഷേപം ഇന്ത്യയുടെ അഭിലാഷങ്ങളെ തുണയ്ക്കുമെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയവും അറിയിച്ചു. ഇന്ത്യന്‍ കമ്പനികളുടെ 24% വരെ ഏറ്റെടുക്കാന്‍ ചൈനീസ് കമ്പനികളെ അനുവദിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതിനായി ചൈനീസ് കമ്പനികള്‍ അധിക പരിശോധന നേരിടേണ്ടി വരില്ല.