
2023 ജനുവരി ആദ്യപകുതിയില്‍ 15,000 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പ്രധാനമായും രണ്ട് മേഖലകളില്‍ നിന്നാണ് നിക്ഷേപം ഗണ്യമായ തോതില്‍ പിന്‍വലിച്ചത്.
ഐടി, ഫിനാന്‍ഷ്യല്‍സ് എന്നീ മേഖലകളിലെ ഓഹരികളില്‍ മാത്രം 10,158 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തി. ഫിനാന്‍ഷ്യല്‍സ് മേഖലയില്‍ നിന്ന് 6701 കോടി രൂപയും ഐടി മേഖലയില്‍ നിന്ന് 3457 കോടി രൂപയുമാണ് പിന്‍വലിച്ചത്. ഓയില്‍ & ഗ്യാസ്, ടെലികോം, ഓട്ടോ ഓഹരികളിലും അറ്റവില്‍പ്പന നടത്തി.
അതേ സമയം മെറ്റല്‍സ്, മെനിംഗ് മേഖലകളില്‍ നിക്ഷേപം നടത്തുകയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ചെയ്‌തത്. ജനുവരിയിലെ ആദ്യപകുതിയില്‍ ഈ മേഖലകളില്‍ 2518 കോടി രൂപ നിക്ഷേപിച്ചു.
2022ല്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 1.2 ലക്ഷം കോടി രൂപയാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപം നടത്തുകയാണ് ചെയ്‌തിരുന്നതെങ്കിലും ജനുവരിയില്‍ വീണ്ടും കരടികളുടെ റോള്‍ സ്വീകരിച്ചു.
ചൈന കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സാധാരണ നിലയിലേക്ക് മടങ്ങാന്‍ തുടങ്ങിയതാണ് ഇന്ത്യന്‍ വിപണി അനാകര്‍ഷകമാകാന്‍ ഒരു കാരണമായത്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈനീസ് വിപണി ചെലവ് കുറഞ്ഞ നിലയിലാണ് വ്യാപാരം ചെയ്യുന്നത്.
ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ച് ചൈനീസ് വിപണിയില്‍ നിക്ഷേപിക്കുന്നതിനാണ് വിദേശ നിക്ഷേപകര്‍ താല്‍പ്പര്യം കാട്ടുന്നത്.
വിദേശ നിക്ഷേപകര്‍ വില്‍പ്പന നടത്തിയെങ്കിലും നിഫ്‌റ്റി ഐടി സൂചിക ജനുവരിയില്‍ ഇതുവരെ 3.5 ശതമാനം ഉയരുകയാണ് ചെയ്‌തത്. മുന്‍നിര ഐടി കമ്പനികളുടെ മികച്ച ത്രൈമാസ ഫലമാണ് ഈ മേഖലയിലെ ഓഹരികളുടെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്.
നിഫ്‌റ്റി കാര്യമായ വ്യത്യാസമില്ലാത്ത നിലയില്‍ വ്യാപാരം ചെയ്‌തപ്പോഴാണ് ഐടി സൂചിക വേറിട്ട പ്രകടനം കാഴ്‌ച വെച്ചത്. അതേ സമയം നിഫ്‌റ്റി ബാങ്ക് സൂചിക ഒന്നര ശതമാനം ഇടിവ് നേരിട്ടു.