
ന്യൂഡല്‍ഹി: ഭക്ഷ്യ സബ്സിഡി വര്‍ദ്ധിപ്പിക്കില്ലെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. സബ്സിഡി 2.03 ലക്ഷം കോടി രൂപയില്‍ നിന്ന് 2.20 ലക്ഷം കോടി രൂപയായി ഉയര്‍ത്തണമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ധനമന്ത്രാലയം ആവശ്യം നിരസിച്ചു. പൊതുവിതരണ സമ്പ്രദായത്തിന് കീഴിലെ ഭക്ഷ്യവിതരണം ചെലവേറിയതിനെത്തുടര്‍ന്നാണ് സബ്സ്ഡി ഉയര്‍ത്തണമെന്ന് വകുപ്പ് ആവശ്യപ്പെട്ടത്.
അതേസമയം തുക ഉയര്‍ത്തുന്നതിന് പകരം അധിക ധാന്യം തുറന്ന വിപണിയില്‍ വില്‍പന നടത്താന്‍ ധനമന്ത്രാലയം ഉപദേശിച്ചു. ഭക്ഷ്യ സബ്സിഡികള്‍ സ്വീകരിക്കുന്നവരുടെ ലിസ്റ്റില്‍ നിന്നും വ്യാജ, പകര്‍പ്പ് എന്‍ട്രികള്‍ നീക്കം ചെയ്യുകയും യോഗ്യരായവരെ മാത്രം നിലനിര്‍ത്തുകയും വേണം.
കേന്ദ്രസര്‍ക്കാറിന്റെ മൊത്തം സബ്സിഡി ചെലവിന്റെ ഏറിയ പങ്കും ഭക്ഷ്യ സബ്സിഡിയാണ്. നേരത്തെ 1.99 ലക്ഷം കോടി രൂപയായിരുന്ന ഭക്ഷ്യ സബ്സിഡി ഈയിടെയാണ് പുതുക്കി 2.05 ലക്ഷം കോടി രൂപയാക്കിയത്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അഥവാ എഫ്‌സിഐ, വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ ഇതിനകം 6.1 ദശലക്ഷം ടണ്‍ അരി വില്‍പന നടത്തിയിട്ടുണ്ട്.






