
ന്യൂഡല്‍ഹി: ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് നവംബര്‍ 1 മുതല്‍ ഓരോ അക്കൗണ്ടിനും നാല് നോമിനികളെ വരെ വയ്ക്കാം. ഏപ്രില്‍ 15 ന് വിജ്ഞാപനം ചെയ്ത നിയമം ധനകാര്യ മന്ത്രാലയം അംഗീകരിച്ചു. ക്ലെയ്മുകള്‍ തീര്‍പ്പാക്കുന്നത് സുതാര്യമാക്കാനും സ്ഥിരതയുള്ളതാക്കാനും നീക്കം സഹായിക്കും.
ഒരു നോമിനി മാത്രമുള്ളത് കുടുംബാംഗങ്ങള്ക്കിടിയില് തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നു. നാല് നോമിനികളുണ്ടാകുന്നത് ആശയക്കുഴപ്പം പരിഹരിക്കും. കൂടാതെ നിക്ഷേപകരുടെ ആഗ്രഹ പ്രകാരം ക്ലെയിം തീര്‍പ്പാക്കുകയും കാലതാമസം പരിഹരിക്കുകയും ചെയ്യാം.
പുതിയ സംവിധാന പ്രകാരം ഉപഭോക്താക്കള്‍ക്ക് രണ്ട് തരം നാമനിര്‍ദ്ദേശങ്ങളാണ് തിരഞ്ഞെടുക്കാനാകുക. ഒരാള്‍ക്ക് നാല് വ്യക്തികളെ നോമിനികളാക്കുകയും ഓരോ വ്യക്തിയ്ക്കും എത്ര തുക നല്‍കണമെന്ന് തീരുമാനിക്കുകയും ചെയ്യാം.
മറ്റൊരു രീതി, ആദ്യ നോമിനിയ്ക്ക് പണം കൈമാറുന്നതും ഇയാള്‍ മരണപ്പെടുന്ന പക്ഷം അടുത്ത നോമിനികളിലേയ്ക്ക് അവകാശം നീട്ടുന്നതുമാണ്. ആദ്യ നോമിനി ജീവിച്ചിരിക്കാത്തപക്ഷം രണ്ടാമത്തെ വ്യക്തിയ്ക്കായിരിക്കും പണത്തിന് അര്‍ഹത. ലോക്കറിലുള്ള ആഭരണങ്ങള്‍, രേഖകള്‍ അല്ലെങ്കില്‍ മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയ്ക്ക് തുടര്‍ച്ചയായ നാമനിര്‍ദ്ദേശം മാത്രമേ അനുവദിക്കൂ.
അഞ്ച് പ്രധാന ബാങ്കിംഗ് നിയമങ്ങളിലായി ആകെ 19 മാറ്റങ്ങള്‍ ബാങ്കിംഗ് നിയമ (ഭേദഗതി) നിയമം, 2025 മുന്നോട്ടുവയ്ക്കുന്നു. 1934 ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, 1949 ലെ ബാങ്കിംഗ് റെഗുലേഷന് നിയമം, 1955 ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, 1970, 1980 ലെ ബാങ്കിംഗ് കമ്പനികള്‍ (ഏറ്റെടുക്കലും കൈമാറ്റവും) നിയമങ്ങള്‍ ഉള്‍പ്പടെയാണിത്.
ബാങ്കിംഗ് കമ്പനികള്‍ (നോമിനേഷന്) നിയമങ്ങള്‍, 2025 എന്ന പേരില്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ വിശദമായ നിയമങ്ങള്‍ പുറത്തിറക്കും. ഉപഭോക്താക്കള്‍ക്ക് അവരുടെ നോമിനേഷനുകള്‍ എങ്ങനെ നടത്താം, റദ്ദാക്കാം അല്ലെങ്കില്‍ മാറ്റാം എന്ന് ഈ നിയമങ്ങള്‍ വിശദീകരിക്കും. നോമിനേഷനുകള്‍ രേഖപ്പെടുത്തുന്നതിനും പരിശോധിക്കുന്നതിനും ബാങ്കുകള്‍ പാലിക്കേണ്ട ഫോമുകളും നടപടിക്രമങ്ങളും അവയില്‍ ഉള്‍പ്പെടും.






