
വാഷിംഗ്‌ടൺ: പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിന് കര്ശന നടപടികളുമായി യുഎസ് ഫെഡറല് റിസര്വ്. തുടര്ച്ചയായി ഏഴാം തവണയും നിരക്ക് കൂട്ടി. ഒരു വ്യത്യാസം മാത്രം. മുക്കാല് ശതമാനത്തില് നിന്ന് വര്ധന ഇത്തവണ അരശതമാനത്തില് ഒതുക്കി. മുമ്പത്തെ നാല് യോഗങ്ങളിലും മുക്കാല് ശതമാനം വീതമാണ് നിരക്ക് കൂട്ടിയത്.
ഇത്തവണത്തെ വര്ധനകൂടി പ്രാബല്യത്തിലായതോടെ ഫെഡ് നിരക്ക് 15 വര്ഷത്തെ ഉയര്ന്ന നിലവാരത്തിലെത്തി. അതായത് 2007നുശേഷമുള്ള ഉയര്ന്ന നിരക്ക്. ഇതോടെ പലിശ 4.25-4.50 നിലവാരത്തിലെത്തുകയും ചെയ്തു.
പണപ്പെരുപ്പം നിയന്ത്രിച്ച് സമ്പദ്ഘടനയെ പിടിച്ചുയര്ത്താനുള്ള നടപടികളുമായി ഇനിയും മുന്നോട്ടുപോകുമെന്ന ഫെഡറല് റിസര്വിന്റെ വ്യക്തമായ സൂചനയാണിത് നല്കുന്നത്.
പണപ്പെരുപ്പം നിശ്ചിത ശതമനത്തില് നിലനിര്ത്താന് ഇനിയും വര്ധന വേണ്ടിവന്നേക്കാമെന്ന് ഫെഡറല് ഓപ്പണ് മാര്ക്കറ്റ് കമ്മിറ്റി(എഫ്ഒഎംസി) വ്യക്തമാക്കിയിട്ടുണ്ട്.
അടുത്ത സാമ്പത്തിക വര്ഷത്തെ വളര്ച്ചാ അനുമാനം അര ശതമാനം താഴ്ത്തിയിട്ടുമുണ്ട്. കാലക്രമേണ പണപ്പെരുപ്പം രണ്ട് ശതമാനത്തിലെത്തിക്കുകയാണ് കേന്ദ്ര ബാങ്കിന്റെ ലക്ഷ്യം.
ഫെഡ് നിരക്കില് 2023ല് മുക്കാല് ശതമാനത്തിന്റെ വര്ധനകൂടി പ്രതീക്ഷിക്കുന്നുണ്ട്.
അടുത്തവര്ഷം നിരക്ക് 5.1ശതമാനമാകുമെന്നാണ് അനുമാനം. പണപ്പെരുപ്പം നേരിയതോതില് കുറഞ്ഞതിനാല് നിരക്ക് വര്ധനവില് നിന്ന് കേന്ദ്ര ബാങ്ക് ഘട്ടംഘട്ടമായി പിന്മാറുമെന്ന വിശ്വാസത്തില് ആഗോള തലത്തില് ഓഹരി സൂചികകള് കഴിഞ്ഞ ദിവസങ്ങളില് മുന്നേറ്റം നടത്തിയിരുന്നു.