
ന്യൂഡല്‍ഹി: ബഹിരാകാശ മേഖല വിദേശ നിക്ഷേപ നയം ഉടന്‍ പുറത്തിറങ്ങുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) ചെയര്‍മാന്‍ എസ് സോമനാഥ്. മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് നയരേഖയില്‍ ഉള്‍ക്കൊള്ളിക്കുക. ബഹിരാകാശ കോണ്‍ഗ്രസ് ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതല്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ബഹിരാകാശ മേഖലയെ സമ്പദ് വ്യവസ്ഥയുമായി കൂട്ടിയിണക്കുന്നതിനും മാറ്റം അനിവാര്യമാണെന്ന് പറഞ്ഞ സോമനാഥ് സാങ്കേതികവിദ്യയെ നോക്കികാണുന്ന വിധം മാറണമെന്ന് നിര്‍ദ്ദേശിച്ചു. കൂടുതല്‍ പരിഷ്‌ക്കരണങ്ങള്‍ ആവശ്യമാണ്. പരിഷ്‌ക്കരണം ധനസമ്പാദനത്തിനും വളര്‍ച്ചയ്ക്കും ഉപകാരപ്പെടുന്നതാകണം, അദ്ദേഹം വിശദീകരിച്ചു.
ബഹിരാകാശ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. 74 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനാണ് സര്‍ക്കാര്‍ തയ്യാറാകുന്നത്. പ്രതിരോധമന്ത്രാലയത്തില്‍ 74 ശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തയ്യാറായിരുന്നു.
അതിന്റെ ചുവടുപിടിച്ചാണ് പുതിയ നടപടി. ബഹിരാകാശ മേഖലയുടെ സ്വകാര്യവത്ക്കരണത്തിനായി രൂപം നല്‍കിയ ഇന്ത്യന്‍ നാഷണല്‍ സ്‌പേയ്‌സ് പ്രമോഷന്‍ ആന്റ് ഓതറൈസേഷന്‍ സെന്റര്‍ (ഇന്‍-സ്‌പെയ്‌സ്) എന്നാല്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു.