
ആഗോള വിപണിയിൽ ഈ വർഷം എണ്ണവില 80 ഡോളറിനരികേ തുടരുമെന്നു വിദഗ്ധർ. മിഡിൽ ഈസ്റ്റേൺ സംഘർഷങ്ങൾക്കിടയിലും മതിയായ വിതരണവും, തടസമില്ലാത്ത എണ്ണ വ്യാപാര പ്രവാഹവും വിദഗ്ധർ കാണുന്നു. ഇത് എണ്ണവില 80 ഡോളറിനരികേ തുടരാൻ പ്രാപ്തമാണെന്ന് ഇവർ വിശ്വസിക്കുന്നു.
അതേസമയം തുടച്ചയായി നാലാം മാസവും, മൂന്ന് ഡസനിലധികം വിശകലന വിദഗ്ധർ ബ്രെന്റ്, ഡബ്ല്യുടിഐ ക്രൂഡുകളുടെ ശരാശരി വില പ്രവചനം ചെറുതായി കുറയ്ക്കുന്നത് തുടർന്നെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് വ്യക്തമാക്കുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ വർഷം ബ്രെന്റ് ക്രൂഡ് വില ബാരലിന് ശരാശരി 81.13 ഡോളറായിരിക്കും. ജനുവരിയിൽ ഇത് ബാരലിന് 81.44 ഡോളറാകുമെന്നായിരുന്നു വലയിരുത്തൽ.
ഡബ്ല്യുടിഐ ക്രൂഡ് വില 2024-ൽ ബാരലിന് ശരാശരി 76.54 ഡോളറാകുമെന്നാണ് പ്രവചനം. കഴിഞ്ഞ മാസത്തെ വോട്ടെടുപ്പിൽ ഇതു ബാരലിന് 77.26 ഡോളറായിരിക്കുമെന്നായിരുന്നു പ്രവചനം. നിലവിൽ ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 83.62 ഡോളറും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 78.39 ഡോളറുമാണ്.
ചെങ്കടൽ പാതയിലെ തടസങ്ങളും, പ്രതീക്ഷിച്ചതിലും വേഗത്തിലുള്ള ഇൻവെന്ററി കുറവുകളും എണ്ണ വിലയെ സ്വാധീനിക്കുന്നുണ്ട്. ചെങ്കടർ പാതയിലെ തടസം ലോജിസ്റ്റിക്‌സ് ചെലവും, ഗതാഗത സമയവും വർധിപ്പിക്കുന്നു. ഇത് അന്തിമ വിലയിലും പ്രതിഫലിക്കുന്നു.
അതേസമയം നിലവിലെ ആഗോള എണ്ണവില സൗദിയടക്കമുള്ള ഒപെക്ക് അംഗങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണ്. രാജ്യാന്തര നാണയനിധി റിപ്പോർട്ട് പ്രകാരം സൗദിയുടെ എണ്ണയിലെ ബ്രേക്ക്ഈവൻ പോയിന്റ് 80 ഡോളർ ആണ്. എണ്ണയുടെ വിപണി വില 80 ഡോളറിനു മുകളിൽ തുടരുന്നത് ഇവർക്ക് മികച്ച നേട്ടമാകും. വർഷം മുഴുവൻ സൗദിക്ക് മികച്ച പ്രതീക്ഷ പകരുന്നതാണ് പുതിയ റിപ്പോർട്ടുകൾ.






