
അബുദാബി: ശമ്പളം കിട്ടാൻ ഏതാനും ദിവസം കൂടി കാത്തിരിക്കേണ്ടതിനാൽ രൂപയുടെ മൂല്യത്തകർച്ച നേട്ടമാക്കാനാകാതെ പ്രവാസികൾ. ഒരു ദിർഹത്തിന് 24.15 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ രാജ്യാന്തര നിരക്ക്.
ഇതേസമയം സ്വരുക്കൂട്ടിയ തുകയും കടം വാങ്ങിയും ക്രെഡിറ്റ് കാർഡിൽനിന്ന് പണം പിൻവലിച്ചും നാട്ടിലേക്കു അയയ്ക്കുന്നവർ ഉണ്ടെങ്കിലും ഇതു വളരെ കുറവാണെന്ന് ധനവിനിമയ സ്ഥാപനങ്ങൾ പറയുന്നു. ഈ നിരക്ക് മാസാവസാനം വരെ തുടർന്നാൽ പണമൊഴുക്ക് 25% വരെ വർധിച്ചേക്കുമെന്ന് എക്സ്ചേഞ്ച് വൃത്തങ്ങൾ സൂചിപ്പിച്ചു.
മണി ആപ്പുകളിലൂടെ പണം അയയ്ക്കുന്നവരുടെ എണ്ണം കൂടുകയാണ്. രാജ്യാന്തര നിരക്ക് പൂർണമായും ലഭിക്കുന്നതും സേവന നിരക്കിലെ ഇളവും യഥാസമയം അക്കൗണ്ടിൽ പണം എത്തും എന്നതും മണി ആപ്പുകളിലേക്ക് തിരിയാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. എക്സ്ചേഞ്ചിൽ പോകാതെ ഏതു സമയത്തും മൊബൈൽ ഫോൺ വഴി എവിടെ നിന്നും പണം അയയ്ക്കാമെന്നതാണ് മറ്റൊരു നേട്ടം.
ചില മണി ആപ്പുകൾ ഇടപാടുകൾക്ക് സേവന നിരക്ക് ഈടാക്കുന്നില്ല. മറ്റു ചില ആപ്പുകളിൽ 5 മുതൽ 8 ദിർഹം വരെയാണ് സർവീസ് ചാർജ്. എന്നാൽ എക്സ്ചേഞ്ചുകൾ 23 ദിർഹം സേവന നിരക്ക് ഈടാക്കുന്നത്. രാജ്യാന്തര നിരക്ക് 24.15 രൂപ ആയെങ്കിലും യുഎഇയിലെ ചില എക്സ്ചേഞ്ചുകളിൽ ഒരു ദിർഹത്തിന് 24.07 രൂപയാണ് നൽകിയത്.
ഇന്ത്യയ്ക്കെതിരെ കടുത്ത നിലപാട് തുടരുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീസ ഫീസ് ഒരു ലക്ഷം ഡോളറാക്കിയതിലെ അസ്ഥിരതയാണ് വിനിമയ നിരക്കിലെ ചാഞ്ചാട്ടത്തിന് പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് വിദേശ ധനകാര്യ സ്ഥാപനങ്ങൾ നിക്ഷേപം പിൻവലിച്ച് ഡോളറിലേക്കും സ്വർണത്തിലേക്കും മാറ്റുന്ന പ്രവണത ശക്തമായതും രൂപയ്ക്ക് മൂല്യശോഷണത്തിന് ആക്കം കൂട്ടി.