
കൊച്ചി: വൈദ്യുത വാഹനങ്ങളുടെ പ്രിയവിപണിയായി കേരളം മുന്നേറുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ സംസ്ഥാനത്തെ വില്‍പന എക്കാലത്തെയും ഉയരത്തിലെത്തി. എല്ലാ ശ്രേണികളിലുമായി 6,401 വൈദ്യുത വാഹനങ്ങളാണ് കഴിഞ്ഞമാസം പുതുതായി കേരളത്തിന്റെ നിരത്തിലെത്തിയതെന്ന് പരിവാഹന്‍ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
2022 ഫെബ്രുവരിയിലെ 2,177 യൂണിറ്റുകളേക്കാള്‍ 294 ശതമാനം അധികമാണിത്. ഇക്കഴിഞ്ഞ ജനുവരിയിലെ 5,220 യൂണിറ്റുകളായിരുന്നു ഇതിന് മുമ്പത്തെ റെക്കോഡ് വില്‍പന. ഇതിനേക്കാള്‍ 123 ശതമാനം വളര്‍ച്ചയാണ് ഫെബ്രുവരിയില്‍ കുറിച്ചത്.
അതേസമയം, ഡീസല്‍ വാഹനവില്‍പനയെ വൈദ്യുത വാഹന വില്‍പന പിന്തള്ളിയെന്ന പ്രത്യേകതയുമുണ്ട്. ജനുവരിയില്‍ 4,524 ഡീസല്‍ വാഹനങ്ങളാണ് പുതുതായി വിറ്റഴിഞ്ഞത്. ഫെബ്രുവരിയില്‍ ഇത് 4,402 എണ്ണമായും കുറഞ്ഞു. ഈമാസം ഇതുവരെ ഡീസല്‍വാഹന വില്പന 1,373 യൂണിറ്റുകള്‍ മാത്രം.
ഇ.വി വിഹിതവും കൂടുന്നു
2022ന്റെ തുടക്കത്തില്‍ കേരളത്തിലെ മൊത്തം റീറ്റെയില്‍ വാഹന വില്‍പനയില്‍ 2.56 ശതമാനമായിരുന്നു വൈദ്യുത വാഹനങ്ങള്‍. ഡീസല്‍ വാഹനങ്ങളുടെ വിഹിതം 6.70 ശതമാനവും. ഇപ്പോള്‍ വൈദ്യുത വാഹനങ്ങളുടെ വിഹിതം 10.91 ശതമാനമാണ്. ഡീസലിന്റേത് 7.50 ശതമാനം.
വലിയ മുന്നേറ്റം
2021ല്‍ കേരളത്തില്‍ പുതുതായി നിരത്തിലെത്തിയത് ആകെ 8,706 വൈദ്യുത വാഹനങ്ങളായിരുന്നു. 2022ല്‍ ഇത് 455 ശതമാനം ഉയര്‍ന്ന് 39,587 യൂണിറ്റുകളിലെത്തി. 2023ല്‍ രണ്ടരമാസം പിന്നിടുമ്പോഴേക്കും തന്നെ വില്‍പന 13,389 യൂണിറ്റുകളായിട്ടുണ്ട്. ഈമാസം ഇതുവരെ മാത്രം 1,768 പുത്തന്‍ ഇ-വാഹനങ്ങളാണ് മലയാളികള്‍ വാങ്ങിയത്.
ടാറ്റയും ഒലയും മഹീന്ദ്രയും
ഹാച്ച്ബാക്കും എസ്.യു.വികളും ഉള്‍പ്പെടുന്ന പാസഞ്ചര്‍ വാഹനശ്രേണിയിലെ വൈദ്യുത വിഭാഗത്തില്‍ ടാറ്റാ മോട്ടോഴ്‌സിനാണ് ആധിപത്യം. ടാറ്റാ നെക്‌സോണിനാണ് ഏറ്റവും പ്രിയം.
ടിഗോറും ടിയാഗോയും പിന്നാലെയുണ്ട്. എം.ജി, ബി.വൈ.ഡി, ഹ്യുണ്ടായ് എന്നിവയുടെയും മികച്ച വിപണിയാണ് കേരളം. ഒല, ടി.വി.എസ്., ഏതര്‍ എനര്‍ജി എന്നിവയാണ് ഇ-ടൂവീലറില്‍ മുന്‍പന്തിയിലുള്ളത്.
ത്രീവീലര്‍ വില്‍പനയില്‍ ഒന്നാംസ്ഥാനത്ത് മഹീന്ദ്രയാണ്.