
ബെയ്‌ജിങ്: ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനിയായിരുന്ന എവർഗ്രാൻഡിന്റെ (ചൈന എവർഗ്രാൻഡ് ഗ്രൂപ്പ്) ഓഹരികളെ ഹോങ്കോങ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് പുറത്താക്കി (ഡിലിസ്റ്റ്).
കഴിഞ്ഞ 18 മാസമായി കമ്പനിയുടെ ഓഹരികളിൽ വ്യാപാരം സസ്പെൻഡ് ചെയ്തിരിക്കുകയായിരുന്നു. വൻ കടക്കെണിയിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങളെല്ലാം പൊളിഞ്ഞതോടെ, കമ്പനിയെ ഡിലിസ്റ്റ് ചെയ്യാൻ ഹോങ്കോങ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
പ്രതിസന്ധികൾ പരിഹരിക്കാനും പാപ്പരത്ത നടപടികൾ ഒഴിവാക്കാനുമുള്ള പ്ലാൻ സമർപ്പിക്കാനും ജൂലൈയോടെ ഓഹരി വിപണിയിൽ വ്യാപാരം പുനരാരംഭിക്കാനും കോടതി നിർദേശിച്ചിരുന്നു. ഇതുപാലിക്കാൻ കമ്പനിക്ക് കഴിഞ്ഞില്ല.
തുടർന്നാണ്, ‘‘മടുത്തു, ഇനി അവസരം തരില്ല’’ എന്നു വ്യക്തമാക്കി കമ്പനിയുടെ ഓഹരികളെ ഡിലിസ്റ്റ് ചെയ്യാൻ ഹൈക്കോടതി ജഡ്ജി ഉത്തരവിട്ടത്. നിലവിൽ ലോകത്തെ ഏറ്റവും കടക്കെണിയിലായ റിയൽ എസ്റ്റേറ്റ് ഡവലപ്പർമാരാണ് എവർഗ്രാൻഡ്. 300 ബില്യൻ ഡോളറാണ് കടബാധ്യത. ഏകദേശം 26.5 ലക്ഷം കോടി രൂപ.
2017ൽ 32 ഹോങ്കോങ് ഡോളറിനടുത്തായിരുന്നു എവർഗ്രാൻഡ് ഓഹരിക്ക് വില. നിലവിൽ വില വെറും 0.16 ഹോങ്കോങ് ഡോളർ.
ചൈനയിലെ ഭവന നിർമാണ പദ്ധതിയിൽ ശ്രദ്ധയൂന്നിയിരുന്ന വമ്പൻ കമ്പനിയായിരുന്നു എവർഗ്രാൻഡ് . 1990കളിൽ ചൈനയിൽ ദ്രുതഗതിയിലുള്ള നഗരവൽക്കരണത്തിന്റെ ഭാഗമായി ഉയർന്നുവന്ന സ്ഥാപനം. കടംകൊണ്ട് കെട്ടിപ്പൊക്കുകയായിരുന്നു ചൈന റിയൽ എസ്റ്റേറ്റ് പദ്ധതികൾ. 2009ൽ ആയിരുന്നു എവർഗ്രാൻഡ് ഓഹരി വിപണിയിലെത്തിയത് (ലിസ്റ്റിങ്).
അതേസമയത്തുതന്നെ, കമ്പനി വിദേശത്തുനിന്ന് ബോണ്ടുകളിറക്കി (കടപ്പത്രം) 20 ബില്യൻ ഡോളർ (അന്നത്തെ മൂല്യപ്രകാരം ഏകദേശം 1.5 ലക്ഷം കോടിയിലേറെ രൂപ) സമാഹരിക്കുകയും ചെയ്തു. ഒരു ചൈനീസ് റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഏറ്റവും വലിയ വിദേശ കടംവാങ്ങൽ നടപടിയായിരുന്നു അത്.