
ന്യൂഡൽഹി: 2025ൽ ഇന്ത്യയുടെ ഇലക്‌ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണം വർധിച്ചു. രാജ്യത്തുടനീളമുള്ള പെട്രോൾ പന്പുകളിൽ ആയിരത്തിലേറെ സ്റ്റേഷനുകൾ സ്ഥാപിച്ചുകൊണ്ട് ഇന്ത്യ ഇലക്‌ട്രിക് വാഹന ചാർജിംഗിനുള്ള അടിസ്ഥാന സൗകര്യം വർധിപ്പിച്ചു.
പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിന്‍റെ വർഷാന്ത്യ വാർത്താക്കുറിപ്പ് പ്രകാരം, കേന്ദ്ര സർക്കാരിന്‍റെ ഫെയിം II പദ്ധതിക്കു കീഴിൽ 8932 ചാർജിംഗ് സ്റ്റേഷനുകൾ റീട്ടെയിൽ ഒൗട്ട്‌ലെറ്റുകളിൽ (പെട്രോൾ പന്പ്) സ്ഥാപിച്ചു. കൂടാതെ ഓയിൽ കന്പനികൾ സ്വന്തം പണം ഉപയോഗിച്ച് 18500ലധികം ചാർജിംഗ് പോയിന്‍റുകൾ കൂടി നിർമിച്ചു. ഇതോടെ രാജ്യത്താകെ ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണം 27,432ലെത്തി.
ചാർജിംഗ് കേന്ദ്രങ്ങളുടെ എണ്ണത്തിലുണ്ടായ വർധന കൂടുതൽ ആളുകളെ ഇലക്‌ട്രിക് കാറും ഇരുചക്ര വാഹനങ്ങളും ഉപയോഗിക്കാൻ സഹായിക്കുന്നു. ഈ ചാർജിംഗ് സ്റ്റേഷനുകൾ ആളുകൾ സ്ഥിരം ഇന്ധനം നിറയ്ക്കാൻ പോകുന്നിടത്തുതന്നെ സ്ഥാപിച്ചിരിക്കുന്നതിനാൽ ഡ്രൈവർമാർക്ക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള ഇടം കണ്ടെത്തുന്നത് എളുപ്പമാക്കി മാറ്റുന്നു.
പൊതുമേഖല എണ്ണ വിപണനകന്പനികൾ 2024-25 മുതൽ 2028-29 വരെ പ്രധാന പാതകളിലും മറ്റ് അനുയോജ്യമായ സ്ഥലങ്ങളിലുമായി 4000 എനർജി സ്റ്റേഷനുകൾ സ്ഥാപിക്കുന്നുണ്ട്. പരന്പരാഗത ഇന്ധനങ്ങളായ പെട്രോൾ, ഡീസൽ എന്നിവയ്ക്കൊപ്പം ജൈവഇന്ധനങ്ങൾ, സിഎൻജി, എൽഎൻജി (സാധ്യമാകുന്ന ഇടങ്ങളിൽ), ഇവി ചാർജിംഗ് കേന്ദ്രങ്ങൾ എന്നീ സൗകര്യങ്ങൾ ഉൾപ്പെടുന്ന സംയോജിത മൊബിലിറ്റി ഹബ്ബുകളായാണ് ഇവ വികസിപ്പിക്കുന്നത്. നവംബർ ഒന്നു വരെയുള്ള കണക്കിൽ രാജ്യത്തുടനീളം 1064 എനർജി കേന്ദ്രങ്ങൾ സ്ഥാപിച്ചു.
കാറുകൾ ചാർജ് ചെയ്യുന്നതിനു പുറമെ വലിയ ട്രക്കുകളുടെ കാര്യത്തിലും സർക്കാർ പരിഗണന നല്കിയിട്ടുണ്ട്. അപ്നാ ഘർ പദ്ധതിയിലൂടെ ട്രക്ക് ഡ്രൈവർമാർക്കായി 500ലധികം വിശ്രമകേന്ദ്രങ്ങൾ നിർമിച്ചു. ഈ കേന്ദ്രങ്ങൾ റോഡ് സുരക്ഷ വർധിപ്പിക്കാനും രാജ്യത്തിന്‍റെ ഗ്രാമീണമേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുന്നു.
ഈ വർഷം ബയോഫ്യുവൽ മേഖലയിൽ വലിയം മുന്നേറ്റങ്ങൾ രേഖപ്പെടുത്തി. പെട്രോളിലെ എഥനോൾ മിശ്രിതം ശരാശരി 19.24 ശതമാനത്തിലെത്തി. ഇതിലൂടെ 1.55 ലക്ഷം കോടി രൂപയിലധികം വിദേശനാണ്യം ലാഭിക്കാനും കാർബണ്‍ ബഹിർഗമനത്തിൽ ഗണ്യമായ കുറവുണ്ടാക്കാനും സാധിച്ചു എന്ന് വാർത്താക്കുറിപ്പ് അറിയിച്ചു.






