
മുംബൈ: യൂട്ടെൽസാറ്റ് വൺവെബിന്റെ വാണിജ്യ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ഇന്ത്യയിൽ ആരംഭിക്കുന്നതിന് ആവശ്യമായ അനുമതികൾ ബഹിരാകാശ നിയന്ത്രണ സ്ഥാപനമായ ഇന്ത്യൻ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിൽ (IN-SPAce) നിന്ന് ലഭിച്ചതായി ഭാരതി ഗ്രൂപ്പിന്റെ പിന്തുണയുള്ള വൺവെബ് ഇന്ത്യ പ്രഖ്യാപിച്ചു.
ഈ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ സ്ഥാപനമാണ് വൺവെബ് ഇന്ത്യ, യൂട്ടെൽസാറ്റ് വൺവെബ് പ്രസ്താവനയിൽ അവകാശപ്പെട്ടു.
ഈ അംഗീകാരം അർത്ഥമാക്കുന്നത് സ്പെക്ട്രം അലോക്കേഷൻ ഗവൺമെന്റ് നടത്തിയാലുടൻ യൂട്ടെൽസാറ്റ് വൺവെബിന് വാണിജ്യ കണക്റ്റിവിറ്റി സേവനങ്ങൾ ആരംഭിക്കാൻ കഴിയും എന്നാണ്. 24×7 അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഗ്രാമീണ മേഖലയിലും, കണക്ടിവിറ്റിയില്ലാത്ത പ്രദേശങ്ങളിലേക്കും ഇന്റർനെറ്റ് സേവനങ്ങൾ നൽകാനാണ് വൺവെബ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് IN-SPACe പ്രസ്താവിച്ചു.
നിലവിൽ, സാറ്റലൈറ്റ് കണക്റ്റിവിറ്റി ഉപയോഗിച്ച് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നൽകുന്നതിന് ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ആവശ്യമായ ലൈസൻസുകൾ വൺവെബ് ഇന്ത്യ ഇതിനകം കൈവശപ്പെടുത്തിയിട്ടുണ്ട്.
ഗുജറാത്തിലും തമിഴ്‌നാട്ടിലും രണ്ട് ഗേറ്റ്‌വേകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ബിസിനസ് തത്വത്തിൽ അംഗീകാരം നേടിയിട്ടുണ്ട്, സേവനങ്ങൾ അവതരിപ്പിച്ചുക്കഴിഞ്ഞാൽ, ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് സുപ്രധാനമായ ഹൈ-സ്പീഡ്, ലോ-ലേറ്റൻസി ഇൻറർനെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കും.
അംഗീകാരത്തിന് അഞ്ച് വർഷത്തെ സാധുത കാലയളവുണ്ട്. കൂടാതെ ഗേറ്റ്‌വേകൾക്കും ഉപയോക്തൃ ടെർമിനൽ പ്രവർത്തനങ്ങൾക്കുമായി ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ (DoT) സ്പെക്‌ട്രം അസൈൻമെന്റിന് വിധേയമാണ്.
ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് നേരിട്ട് ബ്രോഡ്ബാൻഡ് സേവനങ്ങൾക്കായി സിഗ്നലുകൾ കൈമാറുന്നതിന് കമ്പനിക്ക് ഇനി സ്പെക്ട്രം മാത്രമേ ആവശ്യമുള്ളൂ.
നേരത്തെ വൺവെബ് എന്നറിയപ്പെട്ടിരുന്ന യൂട്ടെൽസാറ്റ് വൺവെബ്, 1200 കിലോമീറ്റർ ഉയരത്തിൽ വൃത്താകൃതിയിലുള്ള ധ്രുവ ഭ്രമണപഥത്തിൽ ഭൂമിയെ പരിക്രമണം ചെയ്യുന്ന 648 ഉപഗ്രഹങ്ങളുള്ള ഒരു ആഗോള ശൃംഖലയാണ്.
സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങൾക്കായുള്ള സ്പെക്‌ട്രം അലോക്കേഷൻ രീതിയെക്കുറിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യിൽ നിന്ന് ടെലികോം വകുപ്പ് ഒരു റഫറൻസ് തേടിയിട്ടുണ്ട്.
തങ്ങളുടെ ശുപാർശകൾ തയ്യാറാണെന്ന് ട്രായ് അധികൃതർ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും, റെഗുലേറ്ററി ബോഡിയുടെ ചെയർപേഴ്‌സണെ നിയമിച്ചതിന് ശേഷമേ ഇത് പുറപ്പെടുവിക്കു.






