
മുംബൈ: ഇറക്കുമതി ചെയ്യുന്ന ബ്രാന്‍ഡഡ്, പേറ്റന്റ് മരുന്നുകള്‍ക്ക് 100 ശതമാനം തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം കൂടുതല്‍ ബാധിക്കുക യൂറോപ്യന്‍ ഔഷധ കമ്പനികളെ. ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനീഷ്യേറ്റീവ് (ജിടിആര്‍ഐ) റിപ്പോര്‍ട്ട് വ്യക്തമാക്കി. തല്‍ക്കാലം ഇന്ത്യയ്ക്ക് മേലുള്ള ആഘാതം കുറവായിരിക്കും.
യൂഎസിലേയ്ക്കുള്ള യൂറോപ്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കയറ്റുമതി 212.82 ബില്യണ്‍ ഡോളറിന്റേതാണ്. അതേസമയം ഇന്ത്യയുടേത് 12.73 ബില്യണ്‍ ഡോളറിന്റേതും. മാത്രമല്ല,യൂറോപ്പ് ഉയര്‍ന്ന മൂല്യമുള്ള ബ്രാന്‍ഡഡ്, പാറ്റന്റഡ് മരുന്നുകള്‍ കയറ്റുമതി ചെയ്യുമ്പോള്‍ ഇന്ത്യയുടേത് ഭൂരിഭാഗവും ജനറിക്കുകളാണ്. ബ്രാന്‍ഡഡ് ജനറിക്കിന് തീരുവ ബാധകമാക്കുകയാണെങ്കില്‍ അത് ഇന്ത്യന്‍ കമ്പനികളേയും ബാധിക്കും. എന്നാല്‍ ഈ കാര്യത്തില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.
ഇന്ത്യന്‍ കയറ്റുമതിയുടെ 70 ശതമാനവും സംഭാവന ചെയ്യുന്നത് പ്രമുഖ കമ്പനികളാണ്. ഇതില്‍ കൂടുതലും യുഎസ് ആരോഗ്യരംഗത്ത് ഒഴിച്ചുകൂടാനാകാത്ത ഓഫ്-പേഷ്യന്റ് മരുന്നുകളും.
നിലവില്‍ ട്രംപ് തീരുവ ബ്രന്‍ഡഡ്, പാറ്റന്റഡ് മരുന്നുകള്‍ക്കാണ് ബാധകം.യുഎസില്‍ പ്ലാന്റ് തുടങ്ങുന്നതോ തുടങ്ങാനാഗ്രഹിക്കുന്നതോ ആയ കമ്പനികളെ ട്രംപ് തീരുവയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
റോച്ചെ, നൊവാര്‍ട്ടിസ്, ആസ്ട്രസെനെക്ക, എലി ലില്ലി, ഗ്ലാക്‌സോസ്മിത്ത്‌ക്ലൈന്‍ തുടങ്ങിയ കമ്പനികള്‍ ഈ ദശകത്തോടെ അമേരിക്കയില്‍ മരുന്ന് ഉത്പാദനം, ഗവേഷണം, വിതരണ ശൃംഖല, സൗകര്യങ്ങള്‍ എന്നിവ തുടങ്ങിയേക്കും. ഇതിനായി 350 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് കമ്പനികള്‍ നടത്തുക.