
താന്‍ ഏറ്റെടുത്ത സമൂഹ മാധ്യമമായ ട്വിറ്ററിന്റെ മേധാവി സ്ഥാനത്ത് ഏകദേശം ഒരു വര്‍ഷം കൂടി ഇലോണ്‍ മസ്‌ക് തുടര്‍ന്നേക്കാമെന്ന് സൂചന. മേധാവി സ്ഥാനം ഒഴിയണോ എന്നു ചോദിച്ച് ട്വിറ്ററില്‍ അദ്ദേഹം നടത്തിയ വോട്ടെടുപ്പില്‍ ‘ഒഴിയണം’ എന്നായിരുന്നു 60 ശതമാനം പേരും ആവശ്യപ്പെട്ടത്.
എന്നാല്‍, ഇപ്പോള്‍ ദുബായില്‍ നടക്കുന്ന ‘വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റില്‍’ അദ്ദേഹം പറഞ്ഞിരിക്കുന്നത് ‘2023 അവസാനം സ്ഥാനമൊഴിയുക എന്നത് ഒരു നല്ല ആശയമായിരിക്കും’ എന്നാണ്.
അതേസമയം, ട്വിറ്റര്‍ ഏറ്റെടുക്കലോടെ ലോകത്തെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുനിന്ന് പിന്നോട്ടുപോയ അദ്ദേഹം താമസിയാതെ അത് തിരിച്ചുപിടിച്ചേക്കുമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ചൊവ്വയില്‍ മനുഷ്യരാശിയെ കൊണ്ടു ചെന്നെത്തിക്കണം, മനുഷ്യരുടെ തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കണം തുടങ്ങിയ അസാധാരണ ആശയങ്ങളുടെ തമ്പുരാനായ മസ്‌ക് മികച്ചൊരു ബിസിനസുകാരനുമാണെന്ന് വ്യക്തമാണ്.
ട്വിറ്ററില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ മസ്‌ക് കമ്പനിയുടെ മേധാവി സ്ഥാനം ഒഴിയണമെന്ന വാദത്തിനായിരുന്നു വിജയമെങ്കിലും അദ്ദേഹം പെട്ടെന്ന് ഇട്ടിട്ടു പോകുന്നില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ഫെയ്‌സ്ബുക്കിനെ പോലെയുള്ള സമൂഹ മാധ്യമങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനമൊന്നും നടത്താതിരുന്ന ട്വിറ്ററിനെ പുതിയ രീതിയില്‍ പുനരുജ്ജീവിപ്പിക്കാന്‍ മസ്‌കിനു സാധിച്ചാല്‍ അത് അദ്ദേഹത്തിന്റെ ബിസിനസ് കിരീടത്തില്‍ മറ്റൊരു പൊന്‍ തൂവല്‍ തന്നെ ആയിരിക്കും.
ട്വിറ്ററിന്റെ നില ഭദ്രമാക്കിയ ശേഷവും അതിന്റെ ധനപരമായ ആരോഗ്യം വീണ്ടെടുത്ത ശേഷവും താന്‍ കമ്പനിയുടെ ബാറ്റണ്‍ മറ്റാര്‍ക്കെങ്കിലും കൈമാറാമെന്നാണ് അദ്ദേഹം പറയുന്നത്. മസ്‌കിന്റെ ബിസിനസ് മാജിക് ട്വിറ്ററിലും കാണാനാകുമോ എന്നാണ് ടെക്‌നോളജി ലോകം ഇപ്പോള്‍ ഉറ്റു നോക്കുന്നത്.
അതേസമയം, അദ്ദേഹത്തിന്റെ മറ്റു പ്രധാന കമ്പനികളായ ടെസ്‌ലയും സ്‌പേസ്എക്‌സും ഇപ്പോള്‍ ഒരു നാഥനില്ലാത്ത അവസ്ഥയിലായോ എന്നു സംശയിക്കുന്നവരും ഉണ്ട്. അത് ഈ കമ്പനികളില്‍ പണമിറക്കിയിരിക്കുന്നവരെ അസ്വസ്ഥരാക്കുന്നു എന്നും പറയുന്നു. അതേക്കുറിച്ച് മസ്‌ക് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത് ഇരു കമ്പനികളും ഇപ്പോള്‍ നല്ല സ്ഥിതിയിലാണ് എന്നാണ്. സ്‌പേസ്എക്‌സിന് തന്റെ അഭാവത്തിലും മികച്ച പുരോഗതി കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ടെസ്‌ല 2017 – 2019 കാലഘട്ടത്തില്‍ കടുത്ത പ്രശ്‌നങ്ങളിലൂടെ കടന്നുപോയിരുന്നു. ആ കാലമൊക്കെ ഇപ്പോള്‍ കഴിഞ്ഞുവെന്നും മസ്‌ക് പറഞ്ഞു. യുഎഇ ക്യാബിനറ്റ് അഫയേഴ്‌സ് മന്ത്രി അബ്ദുള്ള അല്‍ ഗെര്‍ഗാവിയാണ് മസ്‌കുമായുള്ള വെര്‍ച്വല്‍ ഇന്റര്‍വ്യൂ നടത്തിയത്.
ടെസ്‌ലയുടെ വിഷമസന്ധികളില്‍ താന്‍ ആഴ്ചയില്‍ ഏഴു ദിവസവും ജോലിയെടുത്തിരുന്നു എന്നും ഒരു ദിവസം ആറു മണിക്കൂര്‍ മാത്രമാണ് ഉറങ്ങിയിരുന്നതെന്നും മസ്‌ക് പറഞ്ഞിരുന്നു. താന്‍ ട്വിറ്ററിലിപ്പോള്‍ അതാണ് ചെയ്യുന്നതെന്നും മസ്‌ക് വെളിപ്പെടുത്തി.
താന്‍ ഉണര്‍ന്നെണീക്കുന്ന നിമിഷം മുതല്‍ ഉറങ്ങാന്‍ കിടക്കുന്നതു വരെ ജോലിയെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഒരു ഭ്രാന്തനെ പോലെ ജോലിയെടുക്കേണ്ട കാര്യമില്ലെന്നും ആഴ്ചയില്‍ ‘വെറും’ 80 മണിക്കൂര്‍ ജോലിയെടുത്താല്‍ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ട്വിറ്ററില്‍ നിന്ന് വ്യാജ വാര്‍ത്തകൾ ഒഴിവാക്കി സത്യത്തിന്റെ ഉറവിടമാക്കാനുള്ള തന്റെ സ്വപ്‌നത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇതിനായി കമ്പനികളോടും, അവയുടെ മേധാവിമാരോടും, മന്ത്രിമാരോടുമൊക്കെ ട്വിറ്റര്‍ വഴി സത്യസന്ധമായ പോസ്റ്റുകള്‍ ഇടാനും അദ്ദേഹം അഭ്യര്‍ഥിച്ചു.
സത്യം പറയുന്നത് ചിലപ്പോള്‍ വിമര്‍ശനം ക്ഷണിച്ചുവരുത്തിയേക്കാമെങ്കിലും അതാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു വിമര്‍ശനമൊക്കെ സഹിക്കാം. അതത്ര മോശം കാര്യമൊന്നുമല്ല. തനിക്കെതിരെ ട്വിറ്ററില്‍ നിരന്തരം ആക്രമണമുണ്ടാകാറുണ്ടെന്നും താന്‍ അതൊന്നും കാര്യമാക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ തന്റെ കുട്ടികളെ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഒരു പക്ഷേ അതൊരു തെറ്റായിരുന്നിരിക്കാമെന്നും മസ്‌ക് പറഞ്ഞു.
മന്ത്രിയുമായുള്ള അഭിമുഖം കഴിഞ്ഞ് ഉടനെ തന്നെ അദ്ദേഹം തന്റെ 130 ദശലക്ഷത്തോളം വരുന്ന ട്വിറ്റര്‍ ഫോളോവേഴ്സിനായി പോസ്റ്റുകള്‍ ഇട്ടു തുടങ്ങിയെന്ന് ബ്ലൂംബര്‍ഗ് പറയുന്നു.






